പെരുമ്പിലാവ്: മനുഷ്യത്വവും നീതിബോധവുമുള്ള തലമുറയെയാണ് വിദ്യാഭ്യാസത്തിലൂടെ സൃഷ്ടിക്കേണ്ടതെന്നും നിവൃത്തികേടുകൾ അലങ്കാരമാക്കി കൊണ്ടാടപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും എം.പി. അബ്ദുസ്സമദ് സമദാനി എം.പി. പെരുമ്പിലാവ് അൻസാർ അലുമ്നി നടത്തിയ ഗ്രാൻഡ് അലുമ്നി മീറ്റ് (ഒഡീസി 23) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ കാലഘട്ടത്തിലെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ ആധുനിക വിദ്യാഭ്യാസത്തിന് സാധിക്കണം. കൃത്രിമബുദ്ധിയുടെ കാലത്ത് വിദ്യാഭ്യാസം വർധിക്കുന്തോറും വിവരമില്ലായ്മയെ പ്രതിനിധാനം ചെയ്യുന്നവരുടെ എണ്ണവും വർധിക്കുകയാണ്. മനുഷ്യത്വമില്ലെങ്കിൽ ബിരുദങ്ങളും പദവികളും സമൂഹത്തിന് ഒരു ഗുണവും ചെയ്യുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അൻസാർ അലുമ്നി പ്രസിഡന്റ് ഡോ. നജ്മുദ്ദീൻ അധ്യക്ഷത വഹിച്ചു. അൻസാർ ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ കെ.കെ. മമ്മുണ്ണി മൗലവി, വൈസ് ചെയർമാൻ കെ.വി. മുഹമ്മദ്, അൻസാർ സി.ഇ.ഒ ഡോ. നജീബ് മുഹമ്മദ്, സ്കൂൾ പ്രിൻസിപ്പൽ ശിഹാബുദ്ദീൻ പുലത്ത് തുടങ്ങിയവർ പങ്കെടുത്തു. അലുമ്നി യു.എ.ഇ ചാപ്റ്റർ പ്രസിഡന്റ് പി.ടി. അബ്ദുൽ ഹസീബ് സ്വാഗതവും ജനറൽ സെക്രട്ടറി സി.എ. നിഷാദ് നന്ദിയും പറഞ്ഞു.
സംഗമത്തിൽ രമ്യ ഹരിദാസ് എം.പി, ഗാനരചയിതാവ് റഫീക്ക് അഹമ്മദ്, സംവിധായകൻ മുഹ്സിൻ പരാരി, ഷെഫ് പിള്ള എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. മികവ് തെളിയിച്ച പൂർവ വിദ്യാർഥികളെയും ദീർഘകാലം സേവനമനുഷ്ഠിച്ച അധ്യാപകരെയും ജീവനക്കാരെയും ആദരിച്ചു. സ്കൂൾ ഓഫ് ഖുർആൻ വിദ്യാർഥികളുടെ കോൺവെക്കേഷനും നടന്നു.
മെഹ്ഫിലെ സമാ നയിക്കുന്ന സൂഫി ഗസൽ സന്ധ്യയും ദാന റാസിക്കും ഫാത്തിമ ജഹാനും നയിക്കുന്ന സംഗീതനിശയുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.