കൊച്ചി: എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടി പിൻവലിച്ച ലോക്‌സഭാ സെക്രട്ടേറിയറ്റ് തീരുമാനത്തിൽ പ്രതികരണവുമായി ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ. തനിക്കെതിരായ ശിക്ഷാവിധി സ്റ്റേ ചെയ്ത് രണ്ടുമാസം പിന്നിട്ടെങ്കിലും വൈകി വന്ന നീതിയെ സ്വാഗതം ചെയ്യുന്നുവന്നെ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘വൈകിയാണെങ്കിലും സന്തോഷമുണ്ട്. നിയമപരമായ കാര്യത്തിൽ ഇങ്ങനെ വൈകിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. എനിക്ക് അർഹതപ്പെട്ട പാർലമെന്റ് സെഷനുകൾ നഷ്ടമായി. ഇത് ആര് നികത്തിത്തരും? എന്റെ അയോഗ്യത റദ്ദാക്കാൻ സുപ്രീം കോടതി വരെ പോകേണ്ടി വന്നു. സുപ്രീം കോടതിയിൽനിന്ന് നോട്ടീസ് ലഭിക്കും എന്നായപ്പോഴാണ് ലോക്സഭാ സെക്രട്ടേറിയറ്റ് ഇപ്പോൾ തീരുമാനം എടുത്തത്. ജനുവരി 25ാം തീയതിയിലെ ഹൈകോടതി ഉത്തരവ് അനുസരിച്ചാണ് ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് പുതിയ വിജ്ഞാപനത്തിൽ പറയുന്നു. അതായത് ഹെകോടതി വിധി വന്ന് രണ്ടുമാസം പിന്നിട്ട ശേഷമാണ് എന്റെ അയോഗ്യത പിൻവലിക്കുന്നത്. എന്തിനാണിത്ര കാലതാമസം നേരിട്ടത്? ലക്ഷദ്വീപിനുള്ള ഏക എം.പിയാണ് ഞാൻ. എന്റെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കാനുള്ള അവസരമാണ് നഷ്ടമായത്. ഹൈകോടതി ശിക്ഷ മരവിപ്പിച്ചതിന്റെ രണ്ടാം ദിവസം തന്നെ ഞാൻ അയോഗ്യത നീക്കാൻ ലോക്സഭ സെക്രട്ടറിയേറ്റിനെ സമീപിച്ചിരുന്നു’ -ഫൈസൽ മാധ്യമങ്ങളോട് പറഞ്ഞു.
തന്റെ സമാനസാഹചര്യം നേരിടുന്ന രാഹുൽ ഗാന്ധിയുടെ കാര്യത്തിലും ശുഭപ്രതീക്ഷയാണുള്ളതെന്ന് ഫൈസൽ വ്യക്തമാക്കി. . ശിക്ഷ റദ്ദാക്കുന്നതോടെ രാഹുൽഗാന്ധി പൂർവാധികം ശക്തിയോടെ തിരിച്ചുവരും എന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വധശ്രമക്കേസിൽ 10 വർഷത്തെ തടവിന് കവരത്തി സെഷൻസ് കോടതി ശിക്ഷിച്ചതിനെ തുടർന്ന് ജനുവരി 11മുതലാണ് ഫൈസലിനെ ലോക്‌സഭാ അംഗത്വത്തിൽ നിന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയത്. ജനുവരി 13നാണ് മുൻകാലപ്രാബല്യത്തോടെ ഉത്തരവ് പുറത്തിറക്കിയത്. എന്നാൽ, ഫൈസലിന്റെ ശിക്ഷ ജനുവരി 25ന് ഹൈക്കോടതി സ്റ്റേ ചെയ്‌തു.
എന്നിട്ടും അയോഗ്യതാവിജ്ഞാപനം പിൻവലിക്കാൻ ലോക്സഭാ സെക്രട്ടേറിയറ്റ് തയാറായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി അഭിഭാഷകൻ കെ.ആർ. ശശിപ്രഭു മുഖേന ഫൈസൽ സുപ്രീംകോടതിയിൽ ഹരജി സമർപ്പിച്ചു. ഹൈകോടതി വിധി വന്നിട്ട് രണ്ടുമാസമായിട്ടും അയോഗ്യനാക്കിയ വിജ്ഞാപനം പിൻവലിക്കാത്ത ലോക്‌സഭാ സെക്രട്ടേറിയറ്റിനെതിരെയാണ് ഫൈസൽ സുപ്രീംകോടതിയിൽ ഹരജി നൽകിയത്. ഈ ഹരജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ലോക്സഭ സെക്രട്ടേറിയറ്റിന്റെ അടിയന്തര തീരുമാനം.
അയോഗ്യത പിൻവലിച്ച സാഹചര്യത്തിൽ സുപ്രീംകോടതിയിൽ നൽകിയ ഹരജി പിൻവലിക്കുമെന്ന് ഫൈസലിന്റെ അഭിഭാഷകൻ വ്യക്തമാക്കി. ജസ്റ്റിസ് കെ.എം.ജോസഫ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ ഇന്നലെ ഹർജി എത്തിയെങ്കിലും ഇന്ന് പരിഗണിക്കാൻ മാറ്റുകയായിരുന്നു. അയോഗ്യത പിൻവലിച്ചതോടെ ഫൈസലിന് എം.പിയായി തുടരാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.