കൊച്ചി: 2020 ജനുവരി 11, 12 ദിവസങ്ങളിലായി മരടിലെ നാല് ഫ്ലാറ്റുകൾ പൊളിക്കുന്നതിനും മറ്റും ആകെ ചെലവഴിച്ചത് 3,59,93,529 രൂപ. ഇതിൽ നിയന്ത്രിത സ്ഫോടനങ്ങളിലൂടെ പൊളിക്കുന്നതിനായി ചെലവഴിച്ചത് 2,63,08,345 രൂപയാണ്.മരട് നഗരസഭയിൽനിന്ന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ചെലവുകൾ വ്യക്തമാക്കുന്നത്.
ഫ്ലാറ്റിെല കുടുംബങ്ങളുടെ പുനരധിവാസത്തിനായി ചെലവഴിച്ച തുക കൂടാതെയാണിത്. ഇതിനുള്ള തുക ചെലവഴിച്ചത് സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ സമിതി മുഖേന ധനവകുപ്പ് നേരിട്ടാണ്.സുപ്രീംകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ മരടിൽ തീരദേശ നിയമം ലംഘിച്ച് നിർമിച്ച എച്ച്.ടു.ഒ ഹോളിഫെയ്ത്ത്, ആൽഫ സെറീൻ ഫ്ലാറ്റുകൾ ജനുവരി 11നും ജയിൻ കോറൽ കേവ്, ഗോൾഡൻ കായലോരം എന്നിവ 12നുമാണ് പൊളിച്ചത്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സംഭവബഹുലമായ പൊളിക്കലിന് ഒരു വർഷം പൂർത്തിയാകും.
എഡിഫൈസ് എൻജിനീയറിങ് എന്ന മുംബൈ ആസ്ഥാനമായ കമ്പനിയാണ് ഹോളി ഫെയ്ത്ത്, കായലോരം, ജെയിൻ ഫ്ലാറ്റുകൾ പൊളിച്ചത്. ഇതിനായി നഗരസഭ നൽകിയത് 1,94,15,345 രൂപയാണ്. ആൽഫ പൊളിച്ച ചെന്നൈ ആസ്ഥാനമായ വിജയ സ്റ്റീൽസിന് 68,93,000 രൂപയും.
ഇൻഷുറൻസ് ഇനത്തിൽ 67,83,000 രൂപയും ഐ.ഐ.ടി മദ്രാസിെൻറ കൺസൾട്ടേഷൻ, സർവേ ചാർജ് എന്നീയിനത്തിൽ 16,52,000 രൂപയും ചെലവഴിച്ചു. പരസ്യം, ടെൻഡർ നടപടികൾക്കായി 5,03,929 രൂപയും ഫോട്ടോ, വിഡിയോഗ്രഫി തുടങ്ങിയവക്കായി 4,04,500 രൂപയും ചെലവഴിച്ചു. പൊളിക്കൽ വിദഗ്ധനായ എസ്.ബി സർവാതേയുടെ േസവനത്തിനായി നൽകിയത് 86,583 രൂപയാണ്.
യോഗം, ലഘുഭക്ഷണം തുടങ്ങിയവക്കായി 61,614 രൂപ, പ്രിൻറിങ്, ഫോട്ടോസ്റ്റാറ്റ് തുടങ്ങിയവക്ക് 60,103, പൊളിക്കലുമായി ബന്ധപ്പെട്ട നിയമോപദേശം തേടുന്നതിനും മറ്റുമായി 23,500, ഗതാഗതത്തിന് 23,560, അധികൃതരുടെ താമസത്തിന് 26,655, എൻജിനീയർമാർക്കുള്ള പ്രതിഫലമായി 10,000, ലൈറ്റ് ഉൾെപ്പടെ ഉപകരണങ്ങൾക്ക് 4930 രൂപ എന്നിങ്ങനെയാണ് മറ്റു ചെലവുകൾ. മൂന്നു തവണയായി 3,74,72,430 രൂപയാണ് ധനവകുപ്പ് വിവിധ െചലവുകൾക്കായി അനുവദിച്ചത്.
ഫ്ലാറ്റുകൾ പൊളിച്ചപ്പോഴുണ്ടായ അവശിഷ്ടങ്ങൾ നീക്കം ചെയ്ത വകയിൽ പ്രോംപ്റ്റ് എൻറർപ്രൈസസ് എന്ന കമ്പനി നഗരസഭയിലേക്ക് അടച്ചത് 35,13,000 രൂപയാണ്. ഇതിനായി സർക്കാറിെൻറയോ നഗരസഭയുെടയോ ഫണ്ട് ചെലവഴിക്കേണ്ടി വന്നിട്ടില്ലെന്നും രേഖയിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.