95 ശതമാനം എ.ടി.എം റെഡി; പണമെവിടെ?

തൃശൂര്‍: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ പണക്ഷാമം നേരിടാന്‍ എ.ടി.എമ്മുകള്‍ പുന$ക്രമീകരിക്കുന്നതിന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എസ്.എസ്. മുന്ദ്രയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ദൗത്യസംഘത്തിന്‍െറ ജോലി  ഏതാണ്ട് സമാപ്തിയില്‍ എത്തിയിട്ടും ജനത്തിന് പണം കിട്ടുന്നില്ല. രാജ്യത്തെ രണ്ടേകാല്‍ ലക്ഷത്തോളം എ.ടി.എമ്മുകളില്‍ 95 ശതമാനത്തോളം പുന$ക്രമീകരിച്ച് (റീ കാലിബ്രേറ്റ്) കഴിഞ്ഞിട്ടും പ്രവര്‍ത്തിക്കുന്ന 35 ശതമാനം മാത്രം. രാജ്യം നേരിടുന്ന രൂക്ഷമായ പണച്ചുരുക്കം മാത്രമാണ് വില്ലന്‍.
ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓരോ ദിവസവും അനുവദിക്കുന്ന പരിമിതമായ തുകയില്‍ ഒരു ഭാഗം ട്രഷറികള്‍ക്കും മറ്റൊരു ഭാഗം സ്വന്തം ഇടപാടുകാര്‍ക്കും നീക്കിവെക്കുമ്പോള്‍ എ.ടി.എമ്മിലേക്ക് നീക്കിയിരിപ്പ് ചുരുങ്ങും. അസാധുവാക്കലിനു മുമ്പ് 15-20 ലക്ഷം രൂപ ഓരോ എ.ടി.എമ്മിലും ഒറ്റത്തവണവെച്ച സ്ഥാനത്ത് ഇപ്പോള്‍ രണ്ട്-മൂന്ന് ലക്ഷം മാത്രമാണ് വെക്കുന്നത്. മുമ്പ് പണം കഴിഞ്ഞാല്‍ ഉടന്‍ നിറച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് അപൂര്‍വം.
സ്വന്തം അക്കൗണ്ടില്‍നിന്ന് ചെക്ക് മുഖേന ഒറ്റത്തവണ 24,000 പിന്‍വലിക്കാന്‍ അനുമതിയുള്ളപ്പോള്‍ ആ തുക പൂര്‍ണമായി അനുവദിക്കുന്ന ബാങ്കുകള്‍ വളരെ അപൂര്‍വമാണ്. സ്വന്തം ഇടപാടുകാര്‍ക്ക് ‘റേഷന്‍’ കൊടുക്കുമ്പോള്‍ എല്ലാതരം ഇടപാടുകാര്‍ക്കും സമൃദ്ധമാക്കാന്‍ പ്രാപ്യമാവുന്ന എ.ടി.എമ്മുകള്‍ നിറക്കാന്‍ ബാങ്കുകള്‍ക്കും താല്‍പര്യം കുറയും. മാത്രമല്ല, എ.ടി.എമ്മില്‍നിന്ന് ഒറ്റത്തവണ 2,500 രൂപ മാത്രമേ പിന്‍വലിക്കാനാവൂ. 500 കാണാന്‍ കിട്ടാത്തതിനാല്‍ പിന്‍വലിക്കാവുന്ന 2000 ആയി ചുരുങ്ങുന്നു. 100 പോലുള്ള ചെറിയ നോട്ടുകള്‍ പൂഴ്ത്തപ്പെട്ടതോടെ 2000ന്‍െറ ഒറ്റ നോട്ടാണ് കിട്ടുന്നത്. മാത്രമല്ല, എ.ടി.എം ഇടപാടിന് സര്‍വിസ് ചാര്‍ജ് റദ്ദാക്കിയ ആര്‍.ബി.ഐയുടെ നടപടി, ലാഭകരമല്ലാത്ത ബിസിനസിന് ബാങ്കുകള്‍ക്കുള്ള താല്‍പര്യവും കുറച്ചിട്ടുണ്ട്.
എ.ടി.എമ്മുകള്‍ പ്രവര്‍ത്തനസജ്ജമാക്കുക മാത്രമാണ് ആവശ്യത്തിന് പണം എത്തിക്കാനുള്ള വഴിയെന്നു പറഞ്ഞാണ് ആര്‍.ബി.ഐ ദൗത്യസംഘത്തെ നിയോഗിച്ചത്. ആ പ്രവൃത്തി പൂര്‍ത്തിയാവുമ്പോള്‍ പ്രവര്‍ത്തനസജജമായ എ.ടി.എമ്മുകളില്‍ നിറക്കാന്‍ പണമില്ലാത്ത അവസ്ഥയാണ് നാട് നേരിടുന്നത്.
Tags:    
News Summary - demonetisation: no money in calibrated atms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.