തിരുവനന്തപുരം: ഫയർ ഓഡിറ്റ് നടത്തി റിപ്പോർട്ട് നൽകിയിട്ടും പല വകുപ്പുകളും തുടർ നടപടി സ്വീകരിക്കുന്നില്ലെന്ന് ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ. ബുധനാഴ്ച സര്‍വിസില്‍നിന്ന് വിരമിക്കുന്നതിന് മുന്നോടിയായി പൊലീസ് ട്രെയിനിങ് കോളജ് ഗ്രൗണ്ടിൽ അഗ്നിരക്ഷാസേന നല്‍കിയ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
എൻഫോഴ്സ്മെന്‍റ് അധികാരമില്ലാത്ത, മെലിഞ്ഞ ഫയർഫോഴ്സിന് വീഴ്ചകൾ ചൂണ്ടിക്കാട്ടി നോട്ടീസ് നൽകാേന സാധിക്കൂ. പൊലീസോ തദ്ദേശസ്ഥാപനങ്ങളോ നടപടിയെടുത്താലേ സുരക്ഷാ നിയമങ്ങൾ പാലിക്കൂവെന്ന് പൗരന്മാർ വാശിപിടിക്കുന്നത് പരിഷ്കൃത സമൂഹത്തിന്‍റെ ലക്ഷണമല്ല. വീഴ്ച വരുത്തുന്നത് വലിയ ദുരന്തങ്ങള്‍ക്ക് വഴിവെക്കും. അടുത്തിടെ ഉണ്ടായ ബോട്ടപകടം ഇതുമായി കൂട്ടിവായിക്കണം. സേഫ്റ്റി ഓഡിറ്റ് നടത്തി 2021ലും 2022ലും വകുപ്പ് റിപ്പോർട്ട് നൽകിയതാണെന്നും സന്ധ്യ പറഞ്ഞു.
പുതുതായി സ്ഥാപിക്കുന്നതും പഴയതുമായ കെട്ടിടങ്ങളില്‍ അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. ഫ്ലാറ്റുകളില്‍ കൃത്യമായ ഫയര്‍ സിസ്റ്റമുണ്ടായിരിക്കണമെന്നത് നിര്‍ബന്ധമാണ്. ഇത് പലപ്പോഴും സ്ഥാപിച്ചതിന് ശേഷം എന്‍.ഒ.സി പുതുക്കാന്‍ ആളുകള്‍ ശ്രദ്ധിക്കാറില്ല.
സ്കൂൾ സിലബസിൽ ഉൾപ്പെടുത്തേണ്ട സുരക്ഷാ നിർദേശങ്ങൾ വിദ്യാഭ്യാസ വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. അത് ആവശ്യമുള്ളവർക്ക് കൈമാറും. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സംവിധാനത്തോടുകൂടി ഉപകരങ്ങൾ ഫയർഫോഴ്സിന് വേണ്ടതുണ്ടെന്നും സന്ധ്യ പറഞ്ഞു. 1988 ഐ.പി.എസ് ബാച്ചുകാരിയായ ബി. സന്ധ്യ മേയ് 31നാണ് വിരമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.