ജോസ്​ വിഭാഗത്തിന്​ സീറ്റ്​: റാന്നിയിൽ സി.പി.എം ലോക്കൽ കമ്മിറ്റിയിൽ ഇറങ്ങിപ്പോക്ക്​

റാന്നി: റാന്നി മണ്ഡലം സീറ്റ് ജോസ് വിഭാഗത്തിന് നൽകിയതിൽ പ്രതിഷേധിച്ച് സി.പി.എം കോട്ടാങ്ങൽ ലോക്കൽ കമ്മറ്റിയിൽനിന്ന് പത്തോളം പ്രവർത്തകർ ഇറങ്ങിപ്പോയി. തിങ്കളാഴ്ച വൈകീട്ട്​ ഏഴുമണിയോടെ നടന്ന യോഗത്തിൽ വിജയം ഉറപ്പുള്ള സീറ്റ് വിട്ടുനൽകിയതിൽ പ്രവർത്തകർ പ്രതിഷേധം അറിയിച്ചു. തുടർന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി അസീസ് റാവുത്തറും ഏരിയ കമ്മിറ്റി അംഗം ഇ.കെ. അജിയും ഒഴികെയുള്ളവർ ഇറങ്ങിപ്പോയി.

രാജു എബ്രഹാമിന്​ സീറ്റ് നൽകണമെന്ന് അവർ യോഗത്തിൽ അഭിപ്രായപ്പെട്ടു. ഇതിനെ ചൊല്ലിയുള്ള വാക്കുതർക്കം ഇറങ്ങിപ്പോക്കിൽ കലാശിക്കുകയായിരുന്നു. കഴിഞ്ഞദിവസം റാന്നി മണ്ഡലം കമ്മിറ്റി യോഗത്തിലും പ്രവർത്തകർ പ്രതിഷേധം അറിയിച്ചിരുന്നു. രണ്ടുദിവസം മുമ്പ്​ നാറാണംമൂഴി ഉന്നത്താനിയിലും ഏതാനും പ്രവർത്തകർ പ്രകടനം നടത്തി. പിന്നീട് നേതൃത്വം ഇത് നിഷേധിച്ചു.

റാന്നി മണ്ഡലത്തിലെ എൽ.ഡി.എഫ് പ്രവർത്തകരിൽ നല്ലൊരുവിഭാഗം സീറ്റ് വിട്ടുനൽകിയതിൽ പ്രതിഷേധം മനസ്സിൽ കൊണ്ടുനടക്കുന്നത് പ്രചാരണത്തിനെ ബാധിക്കുമോ എന്ന ആശങ്കയും നേതാക്കൾക്കിടയിലുണ്ട്.

നേരത്തേ കുറ്റ്യാടി സീറ്റ്​ കേരള കോൺഗ്രസിന്​ വിട്ടുകൊടുത്തതിനെതിരെയും സി.പി.എം പ്രവർത്തകർ​ തെരുവിലിറങ്ങിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.