കഴക്കൂട്ടം: വികസനത്തിന്‍റെ ഭാഗമായി ജനങ്ങളെ തെരുവാധാരമാക്കാൻ ഉദ്ദേശിക്കുന്ന സർക്കാറല്ല കേരളത്തിലുള്ളതെന്നും ഭൂമി വിട്ടുനൽകുന്ന എല്ലാവർക്കും സംതൃപ്തി നൽകുന്ന പുനരധിവാസ പാക്കേജാണ് പൂർത്തിയാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാറിന്‍റെ നൂറുദിന പദ്ധതിയിൽപെടുത്തി ലൈഫ് മിഷന്‍റെ ഭാഗമായി പൂർത്തിയാക്കിയ 20,808 വീടുകളുടെ താക്കോൽ കൈമാറ്റത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളെ കാണാതെയുള്ള വികസനമല്ല നടപ്പാക്കുന്നത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപെട്ടവർ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർക്ക് ഇത്തരം പദ്ധതികളുടെ ഗുണഫലം വലിയതോതിൽ നൽകാൻ കഴിഞ്ഞിട്ടുണ്ട്. ഇതുവരെ 2,95,066 വീടുകൾ ലൈഫ് പദ്ധതിയിലൂടെ പൂർത്തിയാക്കി. അടുത്ത ഒരു മാസംകൊണ്ട് ഇത് മൂന്ന് ലക്ഷം കടക്കും. സ്വന്തമായി വീടില്ലാതിരുന്ന മൂന്നു ലക്ഷത്തോളം കുടുംബങ്ങൾ ഇപ്പോൾ സ്വന്തം വീട്ടിൽ അന്തിയുറങ്ങുന്നതിന്റെ സന്തോഷത്തിലാണ് -മുഖ്യമന്ത്രി പറഞ്ഞു.
ലൈഫ് രണ്ടാം ഘട്ടത്തിന്‍റെ ഗുണഭോക്തൃ പട്ടിക ആഗസ്റ്റ് 16ന് പ്രസിദ്ധീകരിക്കുമെന്ന് അധ്യക്ഷത വഹിച്ച തദ്ദേശമന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. കഠിനംകുളം വെട്ടുതുറയിൽ നടന്ന ചടങ്ങിൽ പഞ്ചായത്തിലെ 16ാം വാർഡിൽ അമീറുദീന്‍റെയും ഐഷാബീവിയുടെയും വീടിന്‍റെ താക്കോൽ മുഖ്യമന്ത്രി കൈമാറി. വി. ശശി എം.എൽ.എ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. ഹരിപ്രസാദ്, കഠിനംകുളം പഞ്ചായത്ത് പ്രസിഡൻറ് അജിത അനി, ജില്ല പഞ്ചായത്ത് അംഗം ഉനൈസ അൻസാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെഫേഴ്‌സൺ, വാർഡ് അംഗം റീത്ത നിക്‌സൺ, ലൈഫ് മിഷൻ സി.ഇ.ഒ പി.ബി. നൂഹ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.