തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശം.
നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് തിരിച്ചറിയൽ കാർഡ് കാണിച്ച് യാത്ര ചെയ്യാം. കൊറിയർ സർവിസ് ഹോം ഡെലിവറി വിഭാഗത്തിൽപെട്ടതായതിനാൽ ഇളവുണ്ട്. കൊറിയർ വിതരണത്തിന് തടസ്സമില്ല. എന്നാൽ, അത്തരം സ്ഥാപനങ്ങളിൽ നേരിട്ട് ചെന്ന് സാധനങ്ങൾ കൈപ്പറ്റാൻ അനുവദിക്കില്ല. ഇ-കോമേഴ്സുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ഇളവുണ്ട്.
ക്വാറൻറീനിൽ കഴിയുന്നവർ പുറത്തുപോകുന്നില്ലെന്ന് ഉറപ്പാക്കാനായി എല്ലാ പഞ്ചായത്ത് വാർഡിലും വനിതാ പൊലീസ് ഓഫിസറെ നിയോഗിക്കും. സ്റ്റേറ്റ് പൊലീസ് മീഡിയ സെൻറർ ഡെപ്യൂട്ടി ഡയറക്ടർ ഇവരുടെ പ്രവർത്തനം നിരീക്ഷിക്കും. ഈ ജോലികൾക്കായി വനിതാ പൊലീസ് ഉദ്യോഗസ്ഥരെ പരമാവധി അവരുടെ നാട്ടിൽ തന്നെ നിയോഗിക്കും.
ഓക്സിജൻ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് തടസ്സമില്ലാതെ കടന്നുപോകുന്നതിന് സ്റ്റേഷൻ ഹൗസ് ഓഫിസർമാർ സൗകര്യമൊരുക്കും. ഓക്സിജൻ, മരുന്നുകൾ എന്നിവയുടെ നീക്കം തടസ്സപ്പെടാതിരിക്കാൻ എല്ലാ ജില്ലയിലും നോഡൽ ഓഫിസറെ നിയോഗിക്കും.ഓക്സിജൻ കൊണ്ടുപോകുന്ന ഗ്രീൻ കോറിഡോർ സംവിധാനത്തിെൻറ നോഡൽ ഓഫിസറായി ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയെ നിയോഗിച്ചു.
അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ ക്രമസമാധാനപ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് സ്റ്റേഷൻ ഹൗസ് ഓഫിസർമാർ പ്രത്യേകം ശ്രദ്ധ പതിപ്പിക്കും. ക്യാമ്പുകളിൽ ദിവസേന സന്ദർശനം നടത്തണമെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും ഡിവൈ.എസ്.പിമാർക്കും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.