മലയാള സിനിമയിൽ ലഹരി പേയോഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം നടൻ ടിനിടോം നടത്തിയ പ്രസ്താവനകൾക്ക് മറുപടിയുമായി ധ്യാൻ ശ്രീനിവാസൻ രംഗത്തെത്തി. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ടിനി ടോമിന്റെ പ്രസ്താവന തള്ളിയ ധ്യാൻ, ലഹരി ആരും കുത്തിക്കയറ്റിത്തരില്ലെന്നും മകന് ബോധമുണ്ടെങ്കിൽ ഇതൊന്നും ഉപയോഗിക്കില്ലെന്നും പറഞ്ഞു.
'ഒരുത്തൻ നശിക്കണമെന്ന് തീരുമാനിച്ചാൽ അവൻ നശിക്കും. ലഹരി ഉപയോഗിക്കേണ്ട, അതൊരു മോശം കാര്യമാണെന്ന് മകന് ബോധമുണ്ടെങ്കിൽ അവൻ ഉപയോഗിക്കില്ലല്ലോ. അല്ലാതെ ഈ പറഞ്ഞ സാധനങ്ങളൊന്നും ആരും വായ്ക്കകത്ത് കുത്തിക്കേറ്റി തരില്ല. ബോധവും വിവരവുമുള്ള ഒരുത്തനാണെങ്കിൽ അവനത് ഉപയോഗിക്കില്ല, അത്രേ ഉള്ളൂ', ധ്യാൻ പറഞ്ഞു.
സിനിമ സെറ്റിലെ പൊലീസിന്റെ ലഹരി പരിശോധനയെ ധ്യാൻ സ്വാഗതം ചെയ്തു. കാരവനില്‍ ഇരുന്ന് ലഹരി ഉപയോഗിക്കുന്ന ആളുകളെ തനിക്ക് അറിയാമെന്നും നടൻ പറയുന്നു. സിനിമക്കകത്ത് മാത്രമല്ല ബാക്കിയുള്ളയിടത്തും ലഹരി ഉപയോഗമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
പ്രമുഖ നടന്റെ മകനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും തന്റെ മകനെ സിനിമയില്‍ അഭിനയിക്കാന്‍ വിട്ടില്ലെന്നായിരുന്നു ടിനി ടോം കഴിഞ്ഞ ദിവസം പറഞ്ഞത്. സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ഭയം കാരണമാണ് ഭാര്യ മകനെ അഭിനയിക്കാന്‍ വിടാത്തതെന്നും ടിനി പറഞ്ഞിരുന്നു. മാത്രമല്ല തുടർച്ചയായ ലഹരി ഉപയോഗം ഒരു നടന്റെ പല്ല് പൊടിയുന്നതിൽ വരെ കൊണ്ടു ചെന്നെത്തിച്ചെന്നും ടിനി പറഞ്ഞു. ആരാണ് ഈ നടനെന്ന് ടിനി വ്യക്തമാക്കിയില്ല.
ലഹരി ഉപയോഗിക്കുമ്പോൾ താൻ നല്ലവണ്ണം അഭിനയിക്കുന്നുണ്ടെന്ന് മറ്റുള്ളവർ പറയുന്നതായി ആ നടൻ തന്നോട് പറഞ്ഞെന്നും ടിനി ടോം വെളിപ്പെടുത്തിയിരുന്നു. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തിന്റെ പേരിൽ ചർച്ചകൾ നടക്കുമ്പോഴാണ് ടിനി ടോമിന്റെ ഈ വെളിപ്പെടുത്തൽ.
നടന്മാരായ ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവരെ വിലക്കിയതിനെ തുടര്‍ന്നാണ് സിനിമയിലെ ലഹരി ഉപയോഗം ചര്‍ച്ചയായത്. സിനിമയിലെ ലഹരി ഉപയോഗം തടയാന്‍ സെറ്റുകളില്‍ ഷാഡോപൊലീസിനെ വിന്യസിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സേതുരാമന്‍ അറിയിച്ചിട്ടുണ്ട്. സിനിമ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവര്‍ത്തകരില്‍ നിന്ന് തന്നെയുള്ള തുറന്നു പറച്ചില്‍ സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സിനിമ സെറ്റുകളിലെ ലഹരി ഉപയോഗത്തെപ്പറ്റി അന്വേഷിക്കാന്‍ എക്സൈസ് സംഘം സംഘടനയുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് താരസംഘടന അമ്മ അറിയിച്ചു. ലഹരി ഉപയോഗത്തിനെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ സിനിമാസംഘടനകള്‍ തീരുമാനിച്ച സാഹചര്യത്തിലാണ് എക്സൈസും അന്വേഷണം ശക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.