കോഴിക്കോട്: നടൻ കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർ.എൽ.വി രാമകൃഷ്ണനോടുള്ള കേരള സംഗീത നാടക അക്കാദമിയുടെ വിവേചനത്തിനെതിരെ സംവിധായകൻ വിനയൻ. ദലിതരുടെ ഉന്നമനമാണ് ഞങ്ങളുടെ നയം എന്നു നാഴികക്ക് നാൽപ്പതുവട്ടം പറയുന്ന അധികാരികൾ, ഒരു ദലിത് കലാകാരനായ രാമകൃഷ്ണൻ സത്യാഗ്രഹം ഇരുന്നതുപോലും അറിഞ്ഞില്ലേയെന്ന് വിനയൻ ഫേസ്ബുക് കുറിപ്പിൽ ചോദിക്കുന്നു.
ഫേസ്ബുക് പോസ്റ്റിെൻറ പൂർണരൂപം:
കലാഭവൻ മണിയുടെ അനുജൻ രാമകൃഷ്ണൻ ആത്മഹത്യാശ്രമം നടത്തി എന്ന വാർത്ത ഞെട്ടലോടെയാണ് ഇന്നലെ വാർത്താ മാധ്യമങ്ങളിലൂടറിഞ്ഞത്. കുറച്ചു ദിവസങ്ങളായി സംഗീത നാടക അക്കാദമി നടത്തുന്ന മോഹാനിയാട്ട കലോത്സവത്തിൽ പങ്കെടുക്കാനുള്ള അനുമതി നിഷേധിച്ചതിൽ രാമകൃഷ്ണൻ ഏറെ ദുഖിതനായിരുന്നു.
മോഹിനിയാട്ടത്തിൽ പി.എച്ച്.ഡി എടുത്ത വ്യക്തിയാണു രാമകൃഷ്ഷ്ണൻ. നൃത്തത്തിന് വേണ്ടി ജീവിതം മുഴുവൻ സമർപ്പിച്ച ഒരു ചെറുപ്പക്കാരനെ നമ്മുടെ സംഗീതനാടക അക്കാദമി ഇത്രമേൽ മാനസികമായി വേദനിപ്പിക്കണമായിരുന്നോ? പ്രത്യേകിച്ച് ദളിതരുടെ ഉന്നമനമാണ് ഞങ്ങളുടെ നയം എന്നു നാഴികക്ക് നാൽപ്പതുവട്ടം പറയുന്ന അധികാരികൾ, ഒരു ദളിത് കലാകാരനായ രാമകൃഷ്ണൻ സംഗീതനാടക അക്കാദമിയുടെ മുന്നിൽ കഴിഞ്ഞ ദിവസം സത്യാഗ്രഹം ഇരുന്നതു പോലും അറിഞ്ഞില്ലന്നാണോ?
സ്ത്രീകൾ മാത്രമേ മോഹിനിയാട്ടം കളിക്കാവു എന്ന് അക്കാദമിക്ക് ലിഖിതമായ ഒരു നിയമമുണ്ടോ? ഇല്ലന്നാണറിഞ്ഞത്. കീഴ്വഴക്കമാണങ്കിൽ അത്തരം വിവേചനപൂർണ്ണമായ കീഴ്വഴക്കങ്ങൾ പലതും മാറ്റിയിട്ടില്ലേ.. ഈ നാട്ടിൽ?പാലാഴിമഥനം കഴിഞ്ഞ് അമൃതുമായി കടന്ന അസുരൻമാരുടെ കൈയിൽനിന്നും അത് വീണ്ടെടുക്കാൻ മഹാവിഷ്ണു സ്ത്രീവേഷം പൂണ്ട് മോഹിനിയായി മാറി അസുരൻമാരുടെ മുന്നിൽ കളിച്ച നൃത്തത്തിെൻറ രൂപമാണ് മോഹിനിയാട്ടം എന്ന ഒരു കഥ ഈ നൃത്തരൂപത്തെ പറ്റി പറയാറുണ്ട്.
അങ്ങനെയാണങ്കിൽ പുരുഷനായ മഹാവിഷ്ണു കളിച്ച ഈ നൃത്തം മറ്റു പുരുഷൻമാർ കളിക്കുന്നതിൽ എന്താണ് തെറ്റ് എന്നു ചിന്തിച്ചുകൂടെ? ഇതൊക്കെ സംഗീതനാടക അക്കാദമിയുടെ വെറും പിടിവാശിയും ഈഗോയുമാണ്. ഇന്നുതന്നെ ബഹുമാന്യയായ കെ.പി.എ.സി ലളിതച്ചേച്ചി ഇടപെട്ട് ഈ തീരുമാനം മാറ്റുമെന്ന് പ്രതീക്ഷിക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.