തിരുവനന്തപുരം: പാറശ്ശാല ഷാരോൺ കൊലക്കേസിൽ പ്രതിയായ ഗ്രീഷ്മ വെബ് സെർച്ചിലൂടെ വിഷത്തിന്റെ പ്രവർത്തനരീതി ഉറപ്പുവരുത്തിയതായി കണ്ടെത്തൽ. സംസ്ഥാനത്തെ നടുക്കിയ കൊലക്കേസിൽ നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിയിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. വിനീത് കുമാറിന്റെ മുഖ്യവിസ്താരത്തിലാണ് നിർണായക ഡിജിറ്റൽ തെളിവുകൾ കോടതി രേഖപ്പെടുത്തിയത്.
ഷാരോണിനെ വശീകരിച്ച് വീട്ടിൽ വരുത്തി കഷായത്തിൽ കലർത്തി നൽകിയ വിഷം സംബന്ധിച്ച് ഗ്രീഷ്മ നേരത്തേ ഇന്റർനെറ്റിൽ പരതിയതാണ് കണ്ടെത്തിയത്. വിഷം നൽകിയ 2022 ഒക്ടോബർ 14ന് രാവിലെ ഏഴരയോടെ പാറക്വറ്റ് (paraquat) എന്ന കളനാശിനി മനുഷ്യശരീരത്തിൽ പ്രവർത്തിക്കുന്ന രീതി ഇന്റനെറ്റിൽനിന്ന് മനസ്സിലാക്കി.
ഏതാനും മണിക്കൂർ കഴിഞ്ഞ് രാവിലെ പത്തരയോടെ ഷാരോണിനെ വീട്ടിലെത്തിച്ച് വിഷം കുടിപ്പിച്ചു. 11 ദിവസത്തെ വിദഗ്ധ ചികിത്സ നൽകിയിട്ടും ഷാരോണിനെ രക്ഷിക്കാനായില്ല. 15 മില്ലിലിറ്റർ വിഷം ഉള്ളിൽ ചെന്നാൽ മരണം സുനിശ്ചിതമാണെന്നും മറുമരുന്നില്ലാത്ത വിഷമാണിതെന്നും തിരുവനന്തപുരം മെഡിക്കൽ കോളജ് ജനറൽ മെഡിസിൻ മേധാവി ഡോ. അരുണ കോടതിയിൽ മൊഴി നൽകി.
അമിത അളവിൽ പാരസെറ്റമോൾ കലർത്തി ജ്യൂസ് ചലഞ്ച് നടത്തി 2022 ആഗസ്റ്റിൽ ഷാരോണിനെ കുടിപ്പിച്ചിരുന്നു. എന്നാൽ, കയ്പ്പ് കാരണം ഷാരോൺ അതു തുപ്പിക്കളഞ്ഞു. അന്നു രാവിലെയും അമിത അളവിൽ പാരസെറ്റമോൾ മനുഷ്യശരീരത്തിൽ വരുത്തുന്ന ആഘാതങ്ങൾ സംബന്ധിച്ച് ഗ്രീഷ്മ വെബ്സൈറ്റിലൂടെ മനസ്സിലാക്കിയിരുന്നു. ഈ ഡിജിറ്റൽ തെളിവുകൾ കോടതി രേഖപ്പെടുത്തി. തിരുവനന്തപുരം ഫോറൻസിക് ലാബിൽ ഷാരോണിന്റെയും ഗ്രീഷ്മയുടെയും മൊബൈൽ ഫോണുകളിൽനിന്നു ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തു.
തെളിവ് നശിപ്പിച്ചതിന് ഗ്രീഷ്മയുടെ മാതാവ് സിന്ധുവും അമ്മാവൻ നിർമലകുമാരൻ നായരും കൂട്ടുപ്രതികളാണ്. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് ജഡ്ജി എ.എം. ബഷീർ ആണ് കേസ് പരിഗണിക്കുന്നത്. വിസ്താരം തിങ്കളാഴ്ചയും തുടരും. ആർമി ഉദ്യോഗസ്ഥനുമായി വിവാഹ നിശ്ചയം നടത്തിയ ശേഷം രഹസ്യമായി ഷാരോണിനെകൊണ്ട് താലി കെട്ടിക്കുകയും, വെട്ടുകാട് പള്ളിക്ക് സമീപം വെച്ച് ഷാരോൺ ഗ്രീഷ്മക്ക് കുങ്കുമം ചാർത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.