തിരുവനന്തപുരം: കേരളം പൂര്‍ണമായും നാലുവര്‍ഷം കൊണ്ട് ഡിജിറ്റലായി സർവേ ചെയ്യുന്ന പ്രക്രിയക്ക് കേരളപ്പിറവി ദിനത്തിൽ തുടക്കം. നവംബർ ഒന്നിന് ടാഗോര്‍ തിയറ്ററില്‍ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കും.
ചരിത്രത്തിലാദ്യമായി കേരളം പൂര്‍ണമായും അളക്കുന്ന നടപടിക്കാണ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. റീസർവേ നടപടികള്‍ 1966ല്‍ ആരംഭിച്ചെങ്കിലും ആധുനിക സാങ്കേതികവിദ്യയുടെ അഭാവം കൊണ്ടും പരമ്പരാഗത സംവിധാനങ്ങളുടെ പോരായ്മ കൊണ്ടും 56 വര്‍ഷത്തോളം പിന്നിട്ടിട്ടും റീസർവേ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ഡിജിറ്റല്‍ സർവേ ആരംഭിക്കാനും അത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും തീരുമാനിച്ചത്.
സംസ്ഥാനമൊട്ടാകെ നടപ്പാക്കുന്ന ഡിജിറ്റല്‍ സർവേ പദ്ധതിക്ക് ആകെ 858.42 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സർവേ-ഭൂരേഖ വകുപ്പിൽ സാങ്കേതികവിഭാഗം ജീവനക്കാര്‍ അപര്യാപ്തമായതിനാൽ 1500 സർവേയര്‍മാരും 3200 ഹെല്‍പ്പര്‍മാരും ഉള്‍പ്പെടെ 4700 പേരെ കരാറടിസ്ഥാനത്തില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിച്ച് സർവേ സമയബന്ധിതമായിതന്നെ പൂര്‍ത്തിയാക്കും.
ആദ്യത്തെ മൂന്ന് വര്‍ഷങ്ങളില്‍ 400 വില്ലേജുകള്‍ വീതവും നാലാം വര്‍ഷം 350 വില്ലേജുകളും സർവേ ചെയ്ത് ആകെ 1550 വില്ലേജുകളുടെ ഡിജിറ്റല്‍ റീസർവേ നാലു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.
ഡിജിറ്റല്‍ സർവേ പദ്ധതിയുടെ ആരംഭം മുതല്‍ അവസാനം വരെയുള്ള എല്ലാ നടപടികളും ഏറ്റവും സുതാര്യമാക്കുന്നതിന്റെ ഭാഗമായി പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് 'എന്റെ ഭൂമി' എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സജ്ജീകരിച്ചിട്ടുണ്ട്. സർവേ സംബന്ധിച്ച എല്ലാ വിവരങ്ങളും ഈ പോര്‍ട്ടല്‍ മുഖേന അറിയാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.