തനിക്കെതിരെയുള്ള വധഗൂഢാലോചന കേസ് പൂർണമായും കെട്ടിച്ചമച്ചതെന്ന് ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് പൂർണമായും കെട്ടിച്ചമച്ചതാണെന്ന് കേസിലെ പ്രതി നടൻ ദിലീപ്. ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി പരിഗണിച്ചുകൊണ്ടിരിക്കെ ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ളയാണ് കോടതിയില്‍ ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസ് പി.ഗോപിനാഥാണ് കേസ് പരിഗണിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട 161 മൊഴികള്‍ വിശ്വാസത്തിലെടുക്കരുതെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടു. ഒരു കത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ എ.ഡി.ജി.പി എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. നടിയെ ആക്രമിച്ച കേസിലെ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നാണ് ഗൂഢാലോചന കേസ് തയാറാക്കിയത്. അന്വേഷണ ഉദ്യോഗസ്ഥന്റെ വൈരാഗ്യം കാരണം കെട്ടിച്ചമച്ചതാണ് കേസെന്നും ദിലീപ് വാദിച്ചു. കോടതിയിൽ പ്രതിഭാഗത്തിന്‍റെ വാദമാണ് നടക്കുന്നത്.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ഫോണുകൾ പരിശോധനക്കായി തിരുവനന്തപുരത്തേക്ക് അയക്കും. തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിലാണ് പരിശോധന നടത്തുക. ഇന്ന് രാവിലെ ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യത്തിന് ആലുവ മജിസ്‌ട്രേറ്റ് കോടതി അനുവാദം നല്‍കുകയായിരുന്നു. ഫോണുകള്‍ അണ്‍ലോക്ക് ചെയ്യുന്നതിനായി പാറ്റേണ്‍ ലോക്കുകളും പാസ്‌വേര്‍ഡും ദിലീപ് കോടതിക്ക് കൈമാറി.

ദിലീപിന്റെ ആറ് ഫോണുകള്‍ ആലുവ കോടതിക്ക് കൈമാറാന്‍ ഹൈകോടതി ഉത്തരവിട്ടിരുന്നു. 

Tags:    
News Summary - Dileep claims that the murder case against him was completely fabricated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.