കൊച്ചി: തീരസുരക്ഷ ഉറപ്പാക്കുന്നതുവരെ വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് കൊച്ചി, ആലപ്പുഴ രൂപതകളുടെ ആഭിമുഖ്യത്തിൽ ശനിയാഴ്ച വൈകീട്ട് 4ന് ചെല്ലാനം മുതൽ തോപ്പുംപടി, ബീച്ച് റോഡ് തിരുമുഖ തീർഥാടന കേന്ദ്രം വരെ 17 കി.മീ. നീളത്തിൽ മനുഷ്യച്ചങ്ങല തീർക്കും. ടെട്രാ പോഡ് കടൽഭിത്തി നിർമാണം പോർട്ട്കൊച്ചി വരെ വ്യാപിപ്പിക്കുക, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് വിദഗ്ധ പഠനം നടത്തുക, കിടപ്പാടം നഷ്ടപ്പെട്ടവർക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പു നൽകുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ.
മുണ്ടംവേലി ഫൊറോന വികാരി ഫാ. ജോപ്പൻ അണ്ടിശ്ശേരി, കണ്ടക്കടവ് ഫൊറോന വികാരി ഫാ. രാജു കളത്തിൽ, കെ.എൽ.സി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എ. ഡാൽഫിൻ, സംസ്ഥാന സെക്രട്ടറി ബിജു ജോസി, ഫാ. ആന്റണി ടോപോൾ , ഫാ. ആന്റണി കുഴിവേലി എന്നിവർ ഭാരവാഹികളായി സംഘാടക സമിതിക്ക് രൂപം നൽകി. ചങ്ങലയിൽ 17,000 പേർ പങ്കെടുക്കുമെന്നും വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിജ്ഞയെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.