കൊച്ചി: രാഹുല്‍ ഗാന്ധിയെയും ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെയും പാർലമെന്‍റിൽ അയോഗ്യരാക്കിയത് താരതമ്യപ്പെടുത്താനാകില്ലെന്ന് ലക്ഷദ്വീപ് ടെറിട്ടോറിയല്‍ കോണ്‍ഗ്രസ് കമ്മിറ്റി നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്രസര്‍ക്കാറിനെതിരായി സംസാരിച്ചതിന്‍റെ പേരിലാണ് പാര്‍ലമെൻറ് അംഗത്വം നഷ്ടപ്പെട്ടതെന്ന ഫൈസലിന്‍റെ വാദം വാസ്തവവിരുദ്ധമാണ്.
2009ലെ പൊതു തെരഞ്ഞെടുപ്പുസമയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന് അയോഗ്യത കല്‍പിച്ചത്. കേന്ദ്രസര്‍ക്കാറിനെതിരെ സംസാരിച്ച രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയപ്പോള്‍ ജനങ്ങളില്‍നിന്ന് ലഭിച്ച സ്വീകാര്യതയുടെ പശ്ചാത്തലത്തിലാണ് തന്‍റെ അയോഗ്യതയും ഫാഷിസ്റ്റ് വിരുദ്ധതയുടെ പേരിലാക്കാന്‍ ഫൈസല്‍ ശ്രമിക്കുന്നത്.
ദ്വീപിലെ ആവശ്യങ്ങള്‍ പാര്‍ലമെൻറില്‍ അവതരിപ്പിക്കുന്നതില്‍ എം.പി പരാജയമാണ്. ബി.ജെ.പിയോട് അടുക്കാൻ ശ്രമിച്ചയാളാണ് ഫൈസൽ. അമിത് ഷാ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ അദ്ദേഹവുമായി ഫൈസൽ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും ബി.ജെ.പി ഓഫിസ് ഉദ്ഘാടനത്തിൽ പങ്കെടുത്തെന്നും അവർ ആരോപിച്ചു.
ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഹംദുല്ല സെയ്ത്, മുൻ അധ്യക്ഷൻ യു.സി.കെ. തങ്ങൾ, ഡി.സി.സി പ്രസിഡൻറ് എം.ഐ. ആറ്റക്കോയ, യൂത്ത് കോൺഗ്രസ് പ്രസിഡൻറ് അലി അക്ബർ, എൻ.എസ്.യു പ്രസിഡൻറ് അജാസ് അക്ബർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.