കൊച്ചി: നേരത്തേ അൽഫോൻസ് കണ്ണന്താനം ഇപ്പോൾ സി.വി. ആനന്ദബോസ് - ബി.ജെ.പി സംസ്ഥാന നേതൃത്വം അറിയാതെയുള്ള കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലുകളിൽ ജാള്യത്തിനൊപ്പം അതൃപ്തിയും പ്രതിഷേധവും പുകയുന്നു. പശ്ചിമബംഗാൾ ഗവർണറായി നിയമിതനായ സി.വി. ആനന്ദബോസിന്റെ സത്യപ്രതിജ്ഞ ചടങ്ങിലും അതിനുശേഷം അദ്ദേഹം കേരളത്തിലെത്തിയപ്പോൾ നൽകിയ സ്വീകരണത്തിലും ഇത് പ്രകടമായി.
പശ്ചിമബംഗാളിലെ ചടങ്ങിൽ കേരളത്തിൽനിന്ന് പങ്കെടുത്ത ഏക നേതാവ് ഇപ്പോൾ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ശോഭ സുരേന്ദ്രൻ മാത്രമാണ്. ഗവർണറായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ ആനന്ദബോസിനെ തിങ്കളാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരിക്കാനെത്തിയത് ശോഭ സുരേന്ദ്രനും എ.എൻ. രാധാകൃഷ്ണനും പി.ആർ. ശിവശങ്കരനും മാത്രം. എറണാകുളം ജില്ല പ്രസിഡന്റുപോലും സ്വീകരിക്കാനെത്തിയില്ല. ഗവർണർ വരുന്ന വിവരം പാർട്ടി നേതൃത്വത്തെ നേരത്തേതന്നെ അറിയിച്ചിരുന്നതാണ്.
സംസ്ഥാന കോർ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ട ശോഭയും വക്താവ് സ്ഥാനത്തുനിന്ന് മാറ്റിനിർത്തിയിട്ടുള്ള ശിവശങ്കരനും ഇപ്പോൾ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്നവരാണ്. കൃഷ്ണദാസ് പക്ഷത്തെ പ്രമുഖരാണ് എ.എൻ. രാധാകൃഷ്ണനും പി.ആർ. ശിവശങ്കരനും. ആനന്ദബോസിനെ ഗവർണറായി നിയമിച്ചതിലെ അതൃപ്തി കേന്ദ്ര നേതൃത്വത്തിലും ചിലർക്കുണ്ടെന്നാണ് വിവരം. മലയാളിയല്ലാത്ത ഒരു പ്രമുഖന്റെ നിർദേശമനുസരിച്ച് ബംഗാൾ ഘടകത്തിലെ ചില പ്രമുഖരും സത്യപ്രതിജ്ഞ ചടങ്ങിൽനിന്ന് വിട്ടുനിന്നിരുന്നു.
ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആനന്ദബോസ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനുശേഷം പാർട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ വിശദമായ റിപ്പോർട്ട് നൽകിയിരുന്നു.
ഏതാനും മാസത്തിനകം ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽ അഴിച്ചുപണി ഉണ്ടാകുമെന്നാണ് സൂചന. സുരേഷ്ഗോപിയെ സംസ്ഥാന പ്രസിഡന്റാക്കാനുള്ള നിർദേശം ഉയർന്നെങ്കിലും അദ്ദേഹം ആ പദവി സ്വീകരിക്കാൻ തയാറല്ലെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.