കൊച്ചി: പാറമടകളുടെ ദൂരപരിധി പുതുക്കിനിശ്ചയിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവ് ഹൈകോടതി റദ്ദാക്കി. പാറമട ഉടമകളെയും സർക്കാറടക്കം ബന്ധപ്പെട്ടവരെയും കേൾക്കാതെയാണ് ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാറിെൻറ ഉത്തരവ്്. അതേസമയം, 50 മീ. ദൂരപരിധി ചോദ്യംചെയ്ത് ലഭിച്ച പരാതികൾ വീണ്ടും പരിഗണിച്ച് നോട്ടീസ് നൽകി വാദം കേട്ടശേഷം പുതിയ ഉത്തരവിടാൻ ദേശീയ ഹരിത ട്രൈബ്യൂണലിനോട് കോടതി നിർദേശിച്ചു.
നിലവിലെ ക്വാറികൾക്ക് പ്രവർത്തിക്കാമെന്ന ഹൈകോടതിയുടെ 2020 ആഗസ്റ്റ് ആറിലെ ഇടക്കാല ഉത്തരവ് ഹരിത ൈട്രബ്യൂണലിെൻറ പുതിയ ഉത്തരവ് വരുംവരെ തുടരാനും നിർദേശിച്ചു. പാലക്കാട് കൊന്നക്കൽകടവിലെ ക്വാറിക്കെതിരെ നാട്ടുകാർ നൽകിയ നിവേദനം പരിഗണിച്ചത് സ്ഫോടനം നടക്കുന്ന പാറമടകളുടെ ദൂരപരിധി ജനവാസ മേഖലയിൽനിന്ന് 200 മീറ്ററും അല്ലാത്തവയുടെ ദൂരപരിധി 100 മീറ്ററുമായി നിശ്ചയിച്ചാണ് ഹരിത ട്രൈബ്യൂണലിെൻറ ഉത്തരവുണ്ടായത്. എന്നാൽ, ഹരിത ട്രൈബ്യൂണൽ ഉത്തരവ് കേരളത്തിൽ പ്രായോഗികമല്ലെന്നും ഉത്തരവ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് സർക്കാറും ക്വാറി ഉടമകളും കോടതിയെ സമീപിക്കുകയായിരുന്നു.
കേരളത്തിന്റെ പ്രത്യേക ഭൂഘടനയും ജനസാന്ദ്രതയും പരിഗണിച്ച് നിലവിലെ ജനവാസമേഖലയിൽനിന്ന് 50 മീ. ദൂരപരിധിയിലാണ് പാറമടകൾക്ക് അനുമതി നൽകുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടി. നിവേദനങ്ങൾ പരിഗണിച്ച് സ്വമേധയാ കേസെടുത്ത് ഉത്തരവിടാൻ ഹരിത ട്രൈബ്യൂണലിന് അധികാരമില്ലെന്നും വാദമുയർത്തി. ദേശീയ ഹരിത ട്രൈബ്യൂണൽ ആക്ടിൽ സ്വമേധയാ നടപടിക്ക് അധികാരമുണ്ടോയെന്നത് സംബന്ധിച്ച് പ്രത്യേകം വ്യവസ്ഥയില്ലെങ്കിലും അങ്ങനെ കരുതേണ്ടിവരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അല്ലാത്തപക്ഷം രാജ്യത്ത് അന്തരീക്ഷ മലിനീകരണത്തിെൻറ ദുരന്തം അനുഭവിക്കുന്നവർക്ക് നീതി ലഭ്യമാക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകും. അതിനാൽ, സ്വമേധയാ നടപടിക്ക് ട്രൈബ്യൂണലിന് അധികാരമില്ലെന്ന വാദം കോടതി തള്ളി. അതേസമയം, സർക്കാറും ക്വാറി ഉടമകളുമടക്കം ബന്ധപ്പെട്ടവരെ കേൾക്കാതെ പുറപ്പെടുവിച്ച ഉത്തരവ് നിലനിൽക്കില്ലെന്നും വ്യക്തമാക്കി.
എന്നാൽ, പ്രകൃതി, മലിനീകരണ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേകം രൂപവത്കരിച്ച സംവിധാനമെന്ന നിലയിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഹരിത ട്രൈബ്യൂണൽ തന്നെയാണെന്ന് വിലയിരുത്തിയ കോടതി, തുടർന്നാണ് നിവേദനങ്ങൾ അപേക്ഷയായി കണക്കാക്കി സാമാന്യനീതി പാലിച്ച് പുതിയ ഉത്തരവിടാൻ ഹരിത ട്രൈബ്യൂണലിന് നിർദേശം നൽകിയത്.
ട്രൈബ്യൂണൽ ഉത്തരവ് വന്ന 2020 ജൂലൈ 21ന് സാധുവായ ക്വാറി പെർമിറ്റും പാട്ടവും ഉള്ളവർക്ക് 200 മീ. ദൂരപരിധിയില്ലെങ്കിലും തുടരാമെന്നാണ് ഇടക്കാല ഉത്തരവിൽ പറയുന്നത്. എന്നാൽ, പുതിയ അപേക്ഷകൾ പരിഗണിക്കുമ്പോൾ ഹരിത ട്രൈബ്യൂണൽ നിർദേശം പാലിക്കണം. സ്ഫോടകവസ്തു അനുമതി, തദ്ദേശ സ്വയംഭരണസ്ഥാപന അനുമതി, പരിസ്ഥിതി മലിനീകരണം തുടങ്ങിയ കാര്യങ്ങളിലെ അപേക്ഷകളിൽ നടപടി തുടരാമെന്നും ഇടക്കാല ഉത്തരവിലുണ്ട്. സാഹചര്യം അനിവാര്യമെങ്കിൽ ഈ ഉത്തരവിൽ മാറ്റംവരുത്താൻ ട്രൈബ്യൂണലിന് സ്വാതന്ത്ര്യമുണ്ടെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.