ആലപ്പുഴ: വിവാദമായ ലേക് പാലസ് റിസോട്ടിന് മുന്നിൽ നിയമം ലംഘിച്ച് നിർമിച്ച കൂറ്റൻ പാർക്കിങ് ഏരിയയും അപ്രോച്ച് റോഡും പൊളിച്ചുനീക്കണമെന്ന് കലക്ടർ ടി.വി. അനുപമ ഉത്തരവിട്ടു. നടപടി സ്വീകരിച്ചില്ലെങ്കിൽ ജില്ല ഭരണകൂടം ഇടെപട്ട് പൊളിച്ചുനീക്കുമെന്ന് 21 പേജ് അടങ്ങുന്ന ഉത്തരവിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് കലക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്. എം.പി ഫണ്ട് പ്രയോജനപ്പെടുത്തി ഹാർബർ എൻജിനീയറിങ് വിഭാഗം ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച വലിയകുളം -സീറോ ജെട്ടി റോഡിൽനിന്ന് ലേക് പാലസുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡ് പണിതത് അനധികൃതമായി നിലം നികത്തിയായിരുന്നുവെന്ന് കലക്ടർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ഇതിനായി മുൻ മന്ത്രിയും കുട്ടനാട് എം.എൽ.എയുമായ തോമസ് ചാണ്ടിയുടെ സഹോദരി ലാലാമ്മ ഈശോയുടെയും സമീപവാസിയായ സുബ്രഹ്മണ്യ അയ്യരുടെയും പക്കലുള്ള ഭൂമിയാണ് ഉപയോഗിച്ചത്. അന്നത്തെ കലക്ടറുടെ ഒത്താശയോടെയാണ് നിലം നികത്തിയെടുത്തതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. കരുവേലി പാടശേഖരത്തിൽ നെൽകൃഷിക്കായി വെള്ളം കൊണ്ടുപോകുന്നതിനുള്ള ചാൽ നിർമാണം, പുറംബണ്ട് ബലപ്പെടുത്തൽ എന്നിവയുടെ മറവിലും അനധികൃത നികത്ത് നടന്നതായി റിപ്പോർട്ട് അടിവരയിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.