ദീപാവലി ആഘോഷം ഈ സമയത്തുമാത്രം, പൊട്ടിക്കേണ്ടത് ഹരിത പടക്കം; ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം. ആഘോഷങ്ങളില്‍ ഹരിത പടക്കം മാത്രമേ ഉപയോ​ഗിക്കാവൂ. ദീപാവലി ആഘോഷങ്ങളില്‍ രാത്രി എട്ട് മുതല്‍ 10 വരെ മാത്രം പടക്കം പൊട്ടിക്കാനാണ് അനുമതി. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിർദേശം. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

സമയ നിയന്ത്രണം ഉറപ്പാക്കാനും ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കുന്നുള്ളൂവെന്ന് ഉറപ്പാക്കാനും ജില്ലാ കലക്ടർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും ആഭ്യന്തര വകുപ്പ് നിർദേശം നൽകി. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ 12.30 വരെയാണ് പടക്കം പൊട്ടിക്കാന്‍ അനുമതി.

ഡൽ​ഹിയടക്കമുള്ള മറ്റു ചില സംസ്ഥാനങ്ങളും മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പരിസ്ഥിതിക്ക് കുറഞ്ഞ ആഘാതം സൃഷ്ടിക്കുന്നവയും അപകടങ്ങൾ കുറവുള്ളതുമാണ് ഹരിത പടക്കങ്ങൾ.

സാധാരണ പടക്കങ്ങളിൽ നിന്ന് വ്യത്യസ്തമായി, അലൂമിനിയം, ബേരിയം, പൊട്ടാസ്യം നൈട്രേറ്റ്, കാർബൺ തുടങ്ങിയ ഹാനികരമായ രാസവസ്തുക്കൾ ഇവയിൽ ഉപയോഗിക്കുന്നില്ല. ഇവ സാധാരണ പടക്കങ്ങളേക്കാൾ 30 ശതമാനം കുറവ് മലിനീകരണമേ ഉണ്ടാക്കൂ എന്നാണ് തെളിയിക്കപ്പെട്ടിട്ടുള്ളത്.

സാധാരണ പടക്കങ്ങൾ പൊട്ടുമ്പോൾ 160 ഡെസിബെൽ ശബ്ദം ഉണ്ടാകുമെങ്കിൽ ഹരിത പടക്കങ്ങൾക്ക് 110 ഡെസിബെൽ ശബ്ദം മാത്രമേ ഉണ്ടാകൂ. കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിലാണ് ആണ് ഇവ നിർമിക്കുന്നത്.

Tags:    
News Summary - Diwali celebration only at this time, green crackers should be burst; The government issued an order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.