പാലക്കാട്: അട്ടപ്പാടി ഗവ. കോളജിൽ ഗെസ്റ്റ് ലെക്ചറർ നിയമനത്തിന് കെ. വിദ്യ ഹാജരാക്കിയത് വ്യാജ രേഖകളെന്ന് കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ. സുപ്രധാന കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് കൊളീജിയേറ്റ് സംഘം കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് കൈമാറി.
പ്രവൃത്തി പരിചയ രേഖയിലെ ഒപ്പും സീലും വ്യാജമാണ്. ഒറ്റനോട്ടത്തിൽ മഹാരാജാസ് കോളജിലെതെന്ന് തോന്നുംവിധമാണ് രേഖയിലെ ഒപ്പും സീലുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ജൂൺ 16നാണ് തൃശൂരിൽനിന്ന് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം അട്ടപ്പാടി കോളജിൽ പരിശോധന നടത്തിയത്. പ്രിൻസിപ്പലിന്റെയും ഇൻറർവ്യൂ ബോർഡിൽ ഉണ്ടായിരുന്ന നാല് അധ്യാപകരുടെയും മൊഴി രേഖപ്പെടുത്തി. ശേഷമാണ് നിർണായക റിപ്പോർട്ട് താറാക്കിയത്.
കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പരിശോധനക്കുശേഷം റിപ്പോർട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറും. ഉന്നത വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവർ പരിശോധിച്ച ശേഷമാവും വിദ്യക്കെതിരെ നടപടി സ്വീകരിക്കുക.
കൊച്ചി: ഗെസ്റ്റ് ലെക്ചറർ നിയമനത്തിന് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കി തട്ടിപ്പിന് ശ്രമിച്ചെന്ന കേസിലെ പ്രതിയായ എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യയുടെ മുൻകൂർ ജാമ്യ ഹരജി ഹൈകോടതി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി. വ്യാജരേഖ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയിട്ടില്ലെന്നും ജാമ്യമില്ലാക്കുറ്റം തനിക്കെതിരെ നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടി നൽകിയ ഹരജിയാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പരിഗണിച്ചത്.
വിദ്യയുടെ അഭിഭാഷകൻ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് ഹരജി മാറ്റിയത്. രാഷ്ട്രീയ കാരണങ്ങളാൽ രജിസ്റ്റർ ചെയ്ത കേസിൽ 27 വയസ്സ് മാത്രമുള്ള അവിവാഹിതയായ തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നത് നീതി നിഷേധമാകുമെന്ന് ഹരജിയിൽ പറഞ്ഞു. ജാമ്യമില്ലാക്കുറ്റമായ ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പ് 468 തനിക്കെതിരെ അനാവശ്യമായി ചേർത്തിരിക്കുകയാണ്. അന്വേഷണവുമായി പൂർണമായും സഹകരിക്കും. അതിനാൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.