കോഴിക്കോട്: ഡോളർ കേസിൽ ഉന്നതരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന സാഹചര്യത്തിൽ അക്രമഭീഷണിയുടെ സാഹചര്യം നിലവിലുണ്ടെന്ന് കസ്റ്റംസ് പ്രിവന്‍റീവ് കമ്മിഷണർ സുമിത്കുമാർ. ഒരു ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിലാണദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പത്രികയുടെ പ്രത്യാഘാതം പ്രതീക്ഷിക്കുന്നു. എന്നാൽ ഉദ്യോഗസ്ഥരുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കള്ളക്കടത്തു സംഘങ്ങൾ സംസ്ഥാനത്തു നടത്തുന്ന ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലും സംസ്ഥാന പൊലീസ് ഗൗരവത്തോടെ അന്വേഷിക്കുന്നില്ല. കസ്റ്റംസ് പ്രിവന്‍റീവ് കമ്മിഷണറേറ്റിനു സുരക്ഷ നൽകേണ്ടതു സംസ്ഥാന പൊലീസിന്‍റെ ചുമതലയാണെന്നും ഇതിനായി ആർക്കും കത്തു നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കസ്റ്റംസ്, ഡി.ആർ.ഐ ഉദ്യോഗസ്ഥർക്കു നേരെയുണ്ടായ ആക്രമണങ്ങളിലൊന്നും അന്വേഷണം എവിടെയുമെത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സ്വർണക്കടത്തന്വേഷിക്കുന്ന ഉദ്യോഗസ്ഥർ മാത്രമല്ല , സ്വർണക്കടത്തിൽ ബന്ധമുള്ള സ്ത്രീകളകടക്കമുള്ള യാത്രക്കാരെ സംഘങ്ങൾ തട്ടിക്കൊണ്ടു പോകുന്നു. പക്ഷേ, നടപടിയൊന്നുമുണ്ടാകുന്നില്ല. സംഭവങ്ങൾ ആവർത്തിക്കുമ്പോഴും സംസ്ഥാന സർക്കാർ പ്രത്യേകിച്ചു താൽപര്യമെടുക്കുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല. കള്ളക്കടത്തുകാർക്കു പിന്നിൽ, ഭരണസ്വാധീനമുള്ള ശക്തരായ ആളുകളുണ്ടെന്നാണിതു വ്യക്തമാക്കുന്നത്. മുൻപ് ഇങ്ങനെയൊന്നുമായിരുന്നില്ല സ്ഥിതി. ഇപ്പോൾ, തീരെ മോശമാണ് അവസ്ഥ. ഡോളർ കടത്ത്, സ്വർണക്കടത്ത് കേസുകളിലെ ഉന്നത ബന്ധത്തെ പറ്റി കോടതിയിൽ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.