ഒരു സ്ത്രീ 72 ദിവസം ജയിലിൽ കിടന്നത് മറക്കരുത്; ഷീല സണ്ണി നഷ്ടപരിഹാര കേസിൽ ഹൈകോടതി

കൊച്ചി: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിമരുന്ന് കേസിൽ കുടുക്കിയ സംഭവത്തിൽ സത്യവാങ്മൂലം സമർപ്പിക്കാത്തതിൽ സംസ്ഥാന സർക്കാറിനെതിരെ പ്രതികരണവുമായി ഹൈകോടതി. ജയിലിൽ കിടക്കുന്നത് 72 സെക്കൻഡ് പോലും നല്ലതല്ലെന്നിരിക്കെ, ഒരു സ്ത്രീ 72 ദിവസം അകാരണമായി ജയിലിൽ കിടന്നത് മറക്കരുതെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി.

ലഹരിമരുന്ന്​ കേസിൽ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയ ഷീല, 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. വിഷയത്തിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാനും കൂടുതൽ വൈകിക്കാൻ പാടില്ലെന്നും ഹൈകോടതി നിർദേശിച്ചു. വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് ഇതിനിടെ സർക്കാർ കോടതിയെ ബോധിപ്പിച്ചു.

പിടിച്ചെടുത്തത്​ മയക്കുമരുന്നല്ലെന്ന് കണ്ടെത്തിയെന്നും എക്സൈസും തൽപരകക്ഷികളും ചേർന്ന് കുടുക്കിയതാണെന്ന് ഹരജിക്കാരി വാദിക്കുന്നു. വ്യാജ കേസിന്‍റെ പേരിൽ എക്സൈസ് ഉദ്യോഗസ്ഥൻ കെ. സതീശനെതിരെ അന്വേഷണം നടക്കുന്നുണ്ട്​. ഇദ്ദേഹം സസ്പെൻഷനിലാണ്.

തിരുവനന്തപുരം അസി. എക്സൈസ് കമീഷണർ, എറണാകുളം എക്സൈസ് ക്രൈംബ്രാഞ്ച് അസി. കമീഷണർ, കേസ്​ അന്വേഷിച്ച തൃശൂർ അസി. എക്സൈസ് കമീഷണർ (റിട്ട.) ഡി. ശ്രീകുമാർ, ഇരിങ്ങാലക്കുടയിലെ എക്‌സൈസ് ഉദ്യോഗസ്ഥരായ കെ.എ. ജയദേവൻ, ഷിബു വർ‌ഗീസ്, ആർ.എസ്. രജിത എന്നിവരും എതി‌ർ കക്ഷികളാണ്.

Tags:    
News Summary - Don't forget a woman spends 72 days in jail; High Court in Sheela Sunny fake drug case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.