ക്വാറി കേസ് വീണ്ടും ഹരിത ട്രൈബ്യൂണലിലേക്ക് അയക്കരുത്: കേരള സർക്കാർ

ന്യൂഡൽഹി: ക്വാറി കേസ് വീണ്ടും ഹരിത ട്രൈബ്യൂണലിലേക്ക് അയക്കരുതെന്ന് കേരള സർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. പരിസ്ഥിതി വിഷയങ്ങളിൽ സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കാൻ ദേശീയ ഹരിത ട്രൈബ്യുണലിന് അധികാരമില്ലെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. അതേ സമയം കത്തുകൾ, നിവേദനം എന്നിവയുടെ അടിസ്ഥാനത്തിൽ പരിസ്ഥിതി വിഷയങ്ങളിൽ ഇടപെടാൻ ഹരിത ട്രൈബ്യുണലിന് കഴിയുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും അറിയിച്ചു.

ക്വാറികൾക്ക് ദൂരപരിധി നിശ്ചയിച്ച ദേശീയ ഹരിത ട്രൈബ്യുണൽ നടപടിക്കെതിരായ അപ്പീലുകളിലാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിലപാട് അറിയിച്ചത്. പരിസ്ഥിതി വിഷയങ്ങളിൽ സ്വമേധയാ കേസെടുക്കാൻ ദേശീയ ഹരിത ട്രൈബ്യുണലിന് കഴിയുമോയെന്ന വിഷയമാണ് ക്വാറി കേസിൽ ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പരിശോധിക്കുന്നത്..

ക്വാറികൾക്ക് ദൂരപരിധി നിശ്ചയിച്ച ദേശീയ ഹരിത ട്രൈബ്യുണൽ നടപടി റദ്ദാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. 2015ൽ രൂപീകരിച്ച ചട്ടങ്ങളിൽ ജനവാസകേന്ദ്രവും ക്വാറിയുമായുള്ള കുറഞ്ഞ ദൂരപരിധി 50 മീറ്ററാണെന്നും ചട്ടങ്ങൾ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാനും, ദൂരപരിധി നിശ്ചയിക്കാനും ഹരിത ട്രൈബ്യുണലിന് അധികാരമില്ലെന്നും കേരള സർക്കാർ വാദിച്ചു. കേസ് വീണ്ടും ദേശീയ ഹരിത ട്രൈബ്യുണലിന് മുന്നിലേക്ക് അയക്കരുതെന്നും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. ഖനനത്തിനായി സ്ഫോടനം നടത്തുന്ന ക്വാറികൾ ജനവാസകേന്ദ്രത്തിൽ നിന്ന് ഇരുനൂറ് മീറ്ററും, അല്ലാത്തവ നൂറ് മീറ്ററും ദൂരപരിധി പാലിക്കണമെന്നാണ് ഹരിത ട്രൈബ്യുണൽ ഉത്തരവ്. കേസിലെ വാദംകേൾക്കൽ ചൊവ്വാഴ്ച തുടരും.

Tags:    
News Summary - Don't send quarry case to green tribunal: Kerala govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.