കൊച്ചി: ഓണക്കാലത്ത് കെ.എസ്.ആർ.ടി.സിയിലെ പെൻഷൻകാരെ ബുദ്ധിമുട്ടിലാക്കാത്ത നടപടി സർക്കാർ സ്വീകരിക്കണമെന്ന് ഹൈകോടതി. പെൻഷൻ ഒരു തരത്തിലും മുടങ്ങരുത്. ഒരുമാസത്തെ പെൻഷൻപോലും മുടങ്ങുന്നത് അവരുടെ ജീവിതത്തിലുണ്ടാക്കുന്ന വലിയ പ്രത്യാഘാതങ്ങൾ അധികൃതർ വിസ്മരിക്കരുത്.
കെ.എസ്.ആർ.ടി.സിയിൽനിന്ന് വിരമിച്ചവർ ഇനിയും ആത്മഹത്യ ചെയ്യുന്ന സാഹചര്യം ഉണ്ടാകരുതെന്നും തിരുവനന്തപുരം കാട്ടാക്കടയിൽ മുൻ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ചോതിനിവാസിൽ സുരേഷ് ആത്മഹത്യ ചെയ്ത സംഭവം ചൂണ്ടിക്കാട്ടി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഈ സംഭവം തന്നെ വേദനിപ്പിച്ചെന്നും ഇത്തരം സംഭവങ്ങൾ എന്തുകൊണ്ടാണ് സർക്കാറിന്റെ മനസ്സ് മാറ്റാത്തതെന്നും കോടതി ചോദിച്ചു. എല്ലാ മാസവും 10ാം തീയതികക്കം പെൻഷൻ നൽകണമെന്ന ഉത്തരവ് നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹരജിയടക്കമാണ് കോടതിയുടെ പരിഗണനയിലുള്ളത്. സുരേഷിന്റെ ആത്മഹത്യ സംബന്ധിച്ച മാധ്യമ വാർത്തകളെത്തുടർന്ന് വിഷയത്തിൽ കോടതി സ്വമേധയാ ഇടപെട്ടിരുന്നു.
ജൂലൈയിലെ പെൻഷൻ ഭൂരിഭാഗം പേർക്കും നൽകിയെന്നും ആഗസ്റ്റിലേത് ഒരാഴ്ചക്കകം നൽകുമെന്നും സർക്കാർ വ്യാഴാഴ്ച കോടതിയെ അറിയിച്ചു. ഇതിനായി ബാങ്കുകളുടെ കൺസോർട്യത്തിന് 72 കോടി രൂപ കൈമാറി. ചില സഹകരണ സംഘങ്ങളുമായി ബന്ധപ്പെട്ട ഫണ്ട് സമാഹരണത്തിൽ കാലതാമസമുണ്ടായതാണ് കഴിഞ്ഞ തവണ പെൻഷൻ വൈകാൻ കാരണം. ഓണത്തിനുമുമ്പ് സെപ്റ്റംബറിലെ പെൻഷൻ നൽകാൻ കഴിയും. കെ.എസ്.ആർ.ടി.സി പെൻഷന് സർക്കാർ പ്രാധാന്യം കൽപിക്കുന്നതിനാലാണ് 5000 കോടിയിലധികം രൂപ ഇതുവരെ അനുവദിച്ചതെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി.
എന്നാൽ, ഇങ്ങനെ വെറുതെ പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും പെൻഷൻ കിട്ടാതെ നാല് പെൻഷൻകാരെങ്കിലും ജീവനൊടുക്കിയിട്ടുണ്ടെന്നാണ് വിവരമെന്നും കോടതി വാക്കാൽ വ്യക്തമാക്കി. ഒറ്റപ്പെട്ട സംഭവങ്ങളാണെന്നായിരുന്നു സർക്കാർ മറുപടി. ഒരാളാണെങ്കിൽപോലും സർക്കാറിന് ബാധ്യതയുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും നേരിൽ ഹാജരായി വിശദീകരണം നൽകണമെന്ന നിർദേശത്തിൽ ഇളവ് അനുവദിക്കണമെന്ന ആവശ്യം സർക്കാർ ഉന്നയിച്ചു. ആഗസ്റ്റ് 29നകം പെൻഷൻ വിതരണം ചെയ്തില്ലെങ്കിൽ ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും നേരിട്ട് ഹാജരാകണമെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. അടുത്ത തവണത്തെ പെൻഷൻ വിതരണം കൃത്യമായി നടത്തിയില്ലെങ്കിൽ സ്വമേധയാ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിഷയം ബുധനാഴ്ച പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.