ആപ്പുകളാൽ നിറഞ്ഞൊരു ലോകത്താണ് നമ്മുടെ ജീവിതം, തൊട്ടതിനും പിടിച്ചതിനുമെല്ലാം ആപ്പിനെ ആശ്രയിക്കുംവിധം ജനം മാറി. നമ്മുടെ പണിയെളുപ്പമാക്കുകയാണ് ആപ്പുകളുടെ പ്രധാന ലക്ഷ്യം, എന്നാൽ, പണിതരുന്ന ആപ്പുകളും നമ്മുടെ ഇത്തിരികുഞ്ഞൻ മൊബൈലുകളിൽ പതുങ്ങിയിരിപ്പുണ്ട്, സൂക്ഷിച്ചില്ലെങ്കിൽ ജീവിതം തന്നെ കുളം തോണ്ടാവുന്ന പൊല്ലാപ്പുകൾ.
അത്തരം ചതിക്കുഴികളിൽ വീഴുന്നവരിൽ വലിയൊരു പങ്ക് വീട്ടമ്മമാരാണ്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടെന്ന പഴമൊഴി ആപ്പുകളുടെ ഉപയോഗത്തിൽ ഏറെ പ്രസക്തമാണ്. ഇത്തരം തട്ടിപ്പാപ്പുകളെ കുറിച്ചു ജാഗരൂകരാവാം.
വാരിക്കോരി വായ്പ തരും, വീഴല്ലേ
മൊബൈല്‍ ആപ്പ് വഴി വായ്പ നല്കി രാജ്യവ്യാപകമായി തട്ടിപ്പ് നടത്തുന്ന സംഘങ്ങളെ കുറിച്ച് പുറത്തു വന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്. നിരവധി പേർ അറസ്റ്റിലായി. നമ്മുടെ പ്ലേ സ്റ്റോറിൽ തന്നെ ഇത്തരം നൂറിലേറെ ആപ്പുകളുണ്ട്. ഇവയിലൂടെ വായ്പ എടുത്തവരില്‍ ചിലര്‍ അമിതപലിശ കാരണം പണം തിരിച്ചടയ്ക്കാനാവാതെ ആത്മഹത്യ ചെയ്ത സംഭവവും ഉണ്ടായി.
വിദേശികള്‍ ഉള്‍പ്പെടെയുള്ള സംഘമാണ് പിന്നിൽ. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചു കഴിഞ്ഞു. ആപ്പ് വായ്പ ഒഴിവാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും മുന്നറിയിപ്പ് നൽകിയിരുന്നു.വായ്പ മാത്രമല്ല, വൻ തുക സമ്മാനം വാഗ്ദാനം ചെയ്ത് തട്ടിപ്പ് വെബ്സൈറ്റുകളും ആപ്പുകളും നമുക്കു ചുറ്റും വലവിരിച്ചിരിപ്പുണ്ട്. ലോകാരോഗ്യ സംഘടനയുടെ പേരിൽ പോലും ഇത്തരം സാമ്പത്തിക കുറ്റകൃത്യങ്ങൾ നടക്കുന്നു.
നമ്മുടെ ബാങ്ക് അക്കൗണ്ട് ഉൾപ്പടെ വ്യക്തിപരമായ വിവരങ്ങൾ ശേഖരിച്ച് പണം തട്ടുകയും സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുകയും ചെയ്യുന്നതിൽ വിദഗ്ധരാണിവർ. പെട്ടെന്ന് പണം കിട്ടാനാഗ്രഹിക്കുന്നവരെയും നിഷ്കളങ്കരെയും എടുത്തുചാടി തീരുമാനമെടുക്കുന്നവരെയുമാണ് ആപ്പിലാക്കുന്നത്.
ജീവനെടുക്കും ചൂതാട്ടം
ഓൺലൈൻ റമ്മിയിലൂടെ ലക്ഷങ്ങൾ നഷ്ടപ്പെട്ട് ജീവനൊടുക്കിയ യുവാവിെൻറ വാർത്ത സഹതാപത്തോടെയും കോപത്തോടെയുമാവും പലരും വായിച്ചുകാണുക. ചെറിയ തുകയിൽ തുടങ്ങി ലക്ഷങ്ങൾ ബാധ്യത വരുത്തുന്ന ഇരകൾ നമുക്കു ചുറ്റും നിരവധിയുണ്ട്. ലോക്ഡൗൺ കാലത്താണ് പലരും ഈയാംപാറ്റകളെ പോലെ ഓൺലൈൻ ചൂതാട്ടത്തിലേക്ക് ആകൃഷ്ടരായത്.
ചെറുപ്പക്കാരാണ് ഇരകളിൽ ഏറെ പേരും. സെലിബ്രിറ്റികളും പ്രമുഖരും പ്രോത്സാഹിപ്പിക്കുന്നതാണ് പലരെയും ആകർഷിക്കുന്നത്. വിനോദത്തിനായി തുടങ്ങുന്ന കളി പിന്നീട് കാര്യമാവും, ഒടുക്കം ജീവിതം തന്നെ നഷ്ടമാവും. ഒന്നേ പറയാനുള്ളൂ, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
ഇവ കൂടാതെ ഇൻസ്റ്റാൾ െചയ്യുമ്പോൾ തന്നെ നമ്മുടെ വ്യക്തിപരമായ വിവരങ്ങൾ ഉടമകൾ കൈക്കലാക്കുന്ന ആപ്പുകളും വെബ്സൈറ്റുകളും ആയിരക്കണക്കിനുണ്ട്. നിരവധി പേർ ഉപയോഗിക്കുന്നുണ്ടെന്ന തരത്തിൽ പ്രചാരണം നടത്തിയാണ് ആളെ കൂട്ടുന്നത്. എന്നാൽ, ഇവയെല്ലാം വിശ്വാസയോഗ്യമാണോയെന്നുറപ്പു വരുത്തിയേ ഉപയോഗിക്കാവൂ. വളരെ അത്യാവശ്യമുള്ള, വിശ്വസനീയമായ ആപ്പുകളും വെബ്സൈറ്റും മാത്രം ഉപയോഗിക്കുകയെന്നതാണ് ആപ്പിലാവാതിരിക്കാനുള്ള പോംവഴി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.