തൃശൂര്‍: അധ്യാപകനും എഴുത്തുകാരനുമായ ഡോ. കല്‍പറ്റ ബാലകൃഷ്ണന്‍ (75) അന്തരിച്ചു. അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനാൽ ഒരു മാസം മുമ്പ് കൊച്ചി ലേക്ഷോര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ഹൃദയ സ്തംഭനത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മൃതദേഹം രാത്രിയോടെ തൃശൂരിലെ വീട്ടിലെത്തിച്ചു. ചൊവ്വാഴ്ച രാവിലെ സാഹിത്യ അക്കാദമിയിൽ പൊതുദർശനത്തിന് വെക്കും.
വയനാട് കല്‍പറ്റ കൈതള ഉണ്ണി നീലകണ്ഠെൻറയും കെ. കാര്‍ത്ത്യായനിയുടെയും മകനായി 1945 ജൂലൈ നാലിനാണ് ജനനം. തൃശൂർ ശ്രീകേരളവർമ കോളജ് മലയാളം വകുപ്പ് മുൻ മേധാവിയും പ്രിൻസിപ്പലും കേരള കലാമണ്ഡലം മുൻ സെക്രട്ടറിയുമാണ്. കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി, ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സര്‍വ വിജ്ഞാനകോശം, സൗത്ത് സോണ്‍ കള്‍ച്ചറല്‍ കൗണ്‍സില്‍, കൈരളി പ്രസ് സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് എന്നിവയിൽ അംഗമായിരുന്നു. ഗാന്ധി വിചാര പരിഷത്ത് പാലക്കാട് ജില്ല സെക്രട്ടറി, ഗാന്ധി പീസ് ഫൗണ്ടേഷെൻറ കീഴില്‍ ഗാന്ധിയന്‍ സ്റ്റഡി ഗ്രൂപ്പ് കണ്‍വീനര്‍, കേരള ഹരിജന്‍ സേവക സംഘം സംസ്ഥാന ഉപദേശകസമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
ഗാന്ധി വിചാര പരിഷത്തിെൻറ കൽപറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍, മാര്‍ അത്തനേഷ്യസ് കോളജ് ഹൈസ്‌കൂള്‍, ശ്രീശങ്കരാചാര്യ സർവകലാശാല തൃശൂർ പ്രാദേശിക കേന്ദ്രം എന്നിവിടങ്ങളിലും അധ്യാപകനായിരുന്നു. കൊച്ചി-കാലിക്കറ്റ് സര്‍വകലാശാല സെനറ്റ്, കാലിക്കറ്റ് സര്‍വകലാശാല മലയാള ബിരുദാനന്തര ബോര്‍ഡ്, മലയാളം-ഫൈന്‍ ആര്‍ട്സ് ഫാക്കല്‍റ്റി, മൈസൂര്‍ സര്‍വകലാശാല മലയാളം ബോര്‍ഡ് എന്നിവയില്‍ അംഗമായിരുന്നു. കാലിക്കറ്റ് സര്‍വകലാശാല ബി.എ, എം.എ പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍, റിസര്‍ച് ഗൈഡ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
കവിതക്ക് ബാലാമണിയമ്മ സിൽവർ കപ്പ് (1963), സമഗ്ര സാഹിത്യ സംഭാവനക്ക് തൃശൂർ ഏയ്സ് ട്രസ്റ്റ് പ്രഥമ സാഹിത്യ പുരസ്കാരം, 'അയനം' സാംസ്കാരിക വേദിയുടെ പ്രഥമ സാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ദേശീയാംഗീകാരം നേടിയ 'മലമുകളിലെ ദൈവം' എന്ന സിനിമയുടെയും 'ശക്തൻ തമ്പുരാൻ' സിനിമയുടെയും തിരക്കഥാകൃത്താണ്.
പ്രധാന കൃതികള്‍: ശക്തന്‍ തമ്പുരാന്‍ (നാടകം), എഫ്.എം കവിതകൾ (കവിതകൾ), അകല്‍ച്ച, അകംപൊരുള്‍ പുറംപൊരുള്‍, ഗില്‍ഗമേഷ്, പൂവുകളോട് പറയരുത്, ചൂളിമല (നോവല്‍), അപ്പോളോയുടെ വീണ, കാലഘട്ടം, ചരിത്രനോവല്‍ മലയാളത്തില്‍, നിരൂപകെൻറ വിശ്വദര്‍ശനം, മലയാള സാഹിത്യചരിത്രം (സാഹിത്യ നിരൂപണം), മുദ്രാരാക്ഷസം, മറുപക്ഷം (തര്‍ജ്ജമ), കര്‍പ്പൂരം, പാഥേയം, സൂര്യമുദ്ര, സഹകരണ ഇന്ത്യ (മാധ്യമരംഗം), സമ്പൂര്‍ണ്ണഭാരതം, കെ. കരുണാകരെൻറ നിയമസഭ പ്രസംഗങ്ങള്‍ (എഡിറ്റിങ്), മലമുകളിലെ ദൈവം (തിരക്കഥ).
ഭാര്യ: ഡോ. കെ. സരസ്വതി (റിട്ട. പ്രിന്‍സിപ്പല്‍, ശ്രീകേരളവര്‍മ കോളജ്, തൃശൂർ). മക്കള്‍: ജയ്സൂര്യ, കശ്യപ്, അപര്‍ണ. മരുമക്കള്‍: ജ്യോതി, മഞ്ജുള, മണികണ്ഠന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.