നാടിനെ നടുക്കി ദുരന്ത വാർത്ത; നഷ്ടമായത് കണ്ടല്ലൂരിന്റെ പ്രിയപ്പെട്ട ഡോക്ടർ

ആറാട്ടുപുഴ: നാടിൻറെ പ്രിയപ്പെട്ട ഡോക്ടർ അപകടത്തിൽ മരിച്ച വാർത്ത ഞെട്ടലോടെയാണ് കണ്ടല്ലൂർ ഗ്രാമവാസികൾ ശ്രവിച്ചത്. കണ്ടല്ലൂർ പുതിയവിള പട്ടോളിൽ വീട്ടിൽ ഡോ. മിനി ഉണ്ണികൃഷ്ണൻ(58), ഡ്രൈവർ കണ്ടല്ലൂർ പുതിയവിള ലക്ഷ്മി നിലയത്തിൽ കെ. സുനിൽ(49) എന്നിവരുടെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.

ആതുരശുശ്രൂഷ രംഗത്തും സാമൂഹിക രംഗത്തും കണ്ടല്ലൂരിന്റെ അഭിമാനമായി നിറഞ്ഞുനിന്ന മിനി ഉണ്ണികൃഷ്ണന്റെ വേർപാട് നാടിന് ഉൾക്കൊള്ളാനായിട്ടില്ല. അവാർഡ് വാങ്ങി തിരികെ വരുമ്പോഴായിരുന്നു മരണം തട്ടിയെടുത്തത്.

അപകടത്തിൽ മരിച്ച ഡ്രൈവർ കണ്ടല്ലൂർ പുതിയവിള ലക്ഷ്മി നിലയത്തിൽ കെ. സുനിൽ

ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത് കേരള മുൻ സംസ്ഥാന വൈസ് പ്രസിഡന്റും സ്റ്റേറ്റ് ഫാക്കൽറ്റി അംഗവുമാണ് മിനി ഉണ്ണികൃഷ്ണൻ. സംസ്ഥാനത്തുടനീളം ഹോമിയോപ്പതിയുമായി ബന്ധപ്പെട്ട ക്ലാസ്സുകൾ നയിച്ചിരുന്ന അവർ സഹപ്രവർത്തരുടെയും ഏറെ പ്രിയങ്കരിയായിരുന്നു. മാധ്യമങ്ങളിൽ ഹോമിയോ ചികിത്സയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ എഴുതുകയും പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്. സ്‌കൂളുകളിലും മറ്റും കൗമാരക്കാർക്കായുള്ള ക്ലാസ്സുകളും നയിക്കാറുണ്ടായിരുന്നു.

വനിതാ എഴുത്തുകാരുടെ കൂട്ടായ്മ തയ്യാറാക്കിയ പുസ്തകങ്ങളായ പെൺമഴയോർമകൾ, എന്റെ പുരുഷൻ എന്നിവയിലും എഴുതിയിട്ടുണ്ട്. പ്രസിദ്ധീകരണങ്ങളിൽ കവിതകളും എഴുതിയിട്ടുണ്ട്. ചിത്രകലയിലും പ്രഗത്ഭയായിരുന്നു. പ്രവർത്തന മികവിന് ഒട്ടേറെ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഒടുവിൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരളയുടെ ആഡിയോ-മീഡിയ അവാർഡ് നെയ്യാറ്റിൻകരയിൽ നിന്ന് ഏറ്റുവാങ്ങി മടങ്ങുമ്പോഴാണ് കൊല്ലം ബൈപാസിൽ വെച്ച് അപകടമുണ്ടായത്. കടവൂർ പാലത്തിന് സമീപം നിയന്ത്രണം വിട്ട മറ്റൊരു കാർ ഒന്നു രണ്ട് വാഹനങ്ങളെ തട്ടിയ ശേഷം ഡോക്ടർ സഞ്ചരിച്ച മാരുതി ആൾട്ടോ കാറിൽ ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മരുമകൾ രേഷ്മയ്ക്കും ചെറുമകൾ കുഞ്ഞൂസിനും പരിക്കേറ്റു. മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. 

Tags:    
News Summary - dr mini unnikrishnan memoir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.