തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷി വിദ്യാർഥികൾക്ക് പുതുവത്സര സമ്മാനമായി 5000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളിലെത്തിച്ചതായി മന്ത്രി ഡോ.ആർ. ബിന്ദു. 731 പേർക്ക് 36.55 ലക്ഷം രൂപയാണ് പ്രൊഫിഷ്യൻസി അവാർഡായി അനുവദിച്ചത്.
2023 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി-പ്ലസ് ടു (സ്റ്റേറ്റ്, സി.ബി.എസ്.ഇ ഐ.സി.എസ്.സി.) പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച കേരളത്തിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കാണ് സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ മാനദണ്ഡങ്ങൾ പ്രകാരം 5,000 രൂപ വീതം ക്യാഷ് അവാർഡ് നൽകിയത്.
പ്ലസ് ടു ജനറൽ വിഭാഗത്തിലെ 167 പേർക്കും, പ്ലസ് ടു ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന വിഭാഗത്തിലെ 146 പേർക്കും, എസ്.എസ്.എൽ.സി ജനറൽ വിഭാഗത്തിലെ 176 പേർക്കും, എസ്.എസ്.എൽ.സി ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന വിഭാഗത്തിലെ 242 പേർക്കുമായി ആകെ 731 വിദ്യാർഥികൾക്കാണ് തുക നൽകിയത്.
വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് ക്യാഷ് അവാർഡ് വിതരണം ചെയ്തിട്ടുണ്ട്. പൊതു വിഭാഗത്തിൽ ബി ഗ്രേഡ് അല്ലെങ്കിൽ അതിൽ കൂടുതൽ ഗ്രേഡ് നേടിയവർക്കും ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന വിഭാഗത്തിലെ പാസായവർക്കുമാണ് പ്രൊഫിഷ്യൻസി അവാർഡ് നൽകുന്നത്.
അർഹരായ ഗുണഭോക്താക്കളുടെ വിവരങ്ങൾ www.hpwc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2347768, 9497281896 നമ്പറുകളിൽ ബന്ധപ്പെടാം - മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.