കൊച്ചി: തിരുവനന്തപുരത്ത് യുവഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ സഹപാഠി ഡോ. റുവൈസിനെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് ഹൈകോടതി. ആത്മഹത്യക്കുറിപ്പിൽ ഇയാൾക്കെതിരെ പരാമർശങ്ങളുണ്ട്. റുവൈസ് ഷഹനയുടെ വീട്ടിൽപോയി സാമ്പത്തിക കാര്യങ്ങൾ സംസാരിച്ചതിന് ദൃക്‌സാക്ഷികളുണ്ടെന്ന് കോടതി പറഞ്ഞു.
ആത്മഹത്യ ചെയ്ത ദിവസം ഇയാളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഒഴിവാക്കിയെന്നും ഷഹനയെ ബ്ലോക്ക് ചെയ്തെന്നും കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഡോ. ഇ.എ. റുവൈസ് നൽകിയ ജാമ്യഹരജിയിലാണ് ജസ്റ്റിസ് പി. ഗോപിനാഥിന്‍റെ നിരീക്ഷണം. ഹരജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
പ്രണയബന്ധം തകർന്നതാണ് പ്രശ്‌നമെന്നും സ്ത്രീധനം ചോദിച്ചതിന് തെളിവില്ലെന്നുമാണ് റുവൈസിന്‍റെ വാദം. ഡിസംബർ ഏഴുമുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. അഞ്ചുദിവസം പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തതാണ്. ഫോണും ലാപ്ടോപ്പും കാറുമൊക്കെ കസ്റ്റഡിയിലെടുത്തു. വിദ്യാർഥിയെന്ന പരിഗണന നൽകണമെന്നും ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്നത് പഠനത്തെയും കരിയറിനെയും ബാധിക്കുമെന്നും ഹരജിക്കാരൻ ബോധിപ്പിച്ചു.
ഷഹനയുടെ ആത്മഹത്യക്ക് കാരണം ഡോ. റുവൈസും പിതാവും വിവാഹത്തിന് ആവശ്യപ്പെട്ട സ്ത്രീധനം നൽകാൻ കഴിയാത്തതിനെതുടർന്നാണെന്ന് സംസ്ഥാന ന്യൂനപക്ഷ കമീഷൻ സിറ്റിങ്ങിൽ വിവിധ ഉദ്യോഗസ്ഥർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. സിറ്റി പൊലീസ് കമീഷണർ നാഗരാജു നേരിട്ടും ജില്ല കലക്ടർക്കുവേണ്ടി പ്രതിനിധിയും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും ജില്ല സ്ത്രീധന നിരോധന ഓഫിസറും ന്യൂനപക്ഷ കമീഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടുകളിലാണ് ഇതു വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.