''നിങ്ങൾ ഈ ഭൂമിയിൽ ഏറെക്കാലം തുടരേണ്ടവർ; രക്ഷാപ്രവർത്തകർ സ്വയം നിരീക്ഷണത്തിൽ പോകണം''

കോഴിക്കോട്: കരിപ്പൂർ വിമാനപകട സമയത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർ 14 ദിവസം സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്ന് അഭ്യർഥന. കടുത്ത കോവിഡ്‌ ഭീഷണി നിലനിൽക്കുന്ന കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലും ഉള്ളവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട സാഹചര്യത്തിലാണിത്.

ഈ ഭൂമിയിൽ ആയുരാരോഗ്യ സൗഖ്യങ്ങളോടെ ഏറെക്കാലം തുടരേണ്ടവരാണ് അപകടത്തിൽപ്പെട്ടവരെ സഹായിച്ചവരെന്നും ഹൃദയം തൊട്ട നന്ദി ഒാരോരുത്തർക്കും അർപ്പിക്കുന്നതായും ഡോ. ഷിംന അസീസ് ഫേസ് ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

കരിപ്പൂർ അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ കൊണ്ടു വന്നാക്കി തിരിച്ചു പോകുന്ന രക്ഷാപ്രവർത്തകരായ ആ നാട്ടുകാർ ചോദിച്ചത്‌ "ഡോക്‌ടറെ, ഇനി ഞങ്ങളിവിടെ നിൽക്കണേൽ നിൽക്കാംട്ടോ. ഞങ്ങളുടെ പേരോ വിവരങ്ങളോ ഇവിടെ തരണോ? ഇനി വീട്ടിലുള്ളവർക്ക്‌ കോവിഡ്‌ വരാതിരിക്കാൻ ഞങ്ങളെന്താണ്‌ വേണ്ടത്‌?" എന്ന്‌ മാത്രമാണ്‌.
രക്ഷാപ്രവർത്തനം നടത്തുമ്പോൾ കോവിഡ്‌ കാലവും ശാരീരിക അകലവുമൊന്നും അവർ ഓർത്തിരുന്നില്ല. അതൊന്നും നോക്കാനുമാവില്ല. അതിനൊന്നും പറ്റുന്നൊരു ആഘാതത്തിനല്ല അവർ സാക്ഷ്യം വഹിച്ചതും.
പ്രിയപ്പെട്ട രക്ഷാപ്രവർത്തകരോട്‌ ഒന്നേ പറയാനുള്ളൂ. ഇന്നലെ വിമാനത്തിൽ നിന്നും കൈയിൽ കിട്ടിയ ജീവൻ വാരിയെടുത്ത്‌ ഞങ്ങൾക്കരികിൽ എത്തിയവരിൽ നിങ്ങളിൽ ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ ദയവ്‌ ചെയ്‌ത്‌ 14 ദിവസം സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണം. വീട്ടിലെ പ്രതിരോധശേഷി കുറവുള്ളവരുമായി യാതൊരു തരത്തിലും ഇടപെടരുത്‌.
കോരിച്ചൊരിയുന്ന മഴയും തണുപ്പും കണക്കാക്കാതെ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട നിങ്ങൾക്ക്‌ വരാൻ സാധ്യതയുള്ള വൈറൽ ഫീവർ ജലദോഷപ്പനിയാണോ കോവിഡാണോ എന്ന്‌ സ്വയം തീരുമാനിച്ച്‌ ലഘൂകരിക്കരുതെന്നും താഴ്‌മയായി അപേക്ഷിക്കുകയാണ്‌. ഉറപ്പായും ഞങ്ങൾക്കരികിലെത്തി ചികിത്സ തേടണം.
കൊണ്ടോട്ടി എന്ന കണ്ടെയിൻമെന്‍റ് സോണിലുള്ള, കടുത്ത കോവിഡ്‌ ഭീഷണിയുള്ള, ഒരു പക്ഷേ കോവിഡ്‌ രോഗികൾ ആയിരുന്നിരിക്കാൻ സാധ്യതയുള്ള, വിദേശത്ത് നിന്ന്‌ വന്ന മനുഷ്യരെ ചേർത്ത്‌ പിടിച്ച്‌ സ്വന്തം വാഹനങ്ങളിൽ വരെ ആശുപത്രിയിൽ എത്തിച്ച നിങ്ങൾക്ക്‌ രോഗം വരാനുള്ള സാധ്യത അത്രയേറെയാണ്‌. ഇനിയൊരു വലിയ കോവിഡ്‌ ദുരന്തം കൂടി വേണ്ട നമുക്ക്‌. മറ്റിടങ്ങളിൽ നിന്നും വന്നെത്തിയ രക്ഷാപ്രവർത്തകരും ഇതേ കാര്യം പൂർണമായും ശ്രദ്ധിക്കുമല്ലോ.
ഇന്നലെ ആക്‌സിഡന്‍റ് പരിസരത്ത്‌ പ്രവർത്തിച്ചവരോട്‌ രണ്ടാഴ്‌ച ക്വാറന്‍റീനിൽ പ്രവേശിക്കാൻ സ്‌നേഹപൂർവ്വം അപേക്ഷിക്കുകയാണ്‌. എന്നിട്ടും കോവിഡ്‌ വന്നാലോ എന്നാ? ഞങ്ങളുടെ അഭിമാനമായ രക്ഷാപ്രവർത്തകരെ ഉറപ്പായും ഞങ്ങൾ ആവും വിധമെല്ലാം നോക്കും.
നിസ്സംശയം നിങ്ങളോക്കെ തന്നെയാണ്‌ ഈ ഭൂമിയിൽ ആയുരാരോഗ്യ സൗഖ്യങ്ങളോടെ ഏറെക്കാലം തുടരേണ്ടവർ.
ഹൃദയം തൊട്ട നന്ദി നിങ്ങളോരോരുത്തർക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.