കൊച്ചി: കാൻസർ ബാധിച്ച വ്യക്തിയുടെ വീട്ടിലേക്ക് പുതിയ ലൈൻ സ്ഥാപിച്ച് കുടിവെള്ളം നൽകാമെന്ന് ഒരു വർഷം മുമ്പ് ഉറപ്പുനൽകിയ ജല അതോറിറ്റി അത് പാലിക്കാത്തത് ഖേദകരവും മനുഷ്യാവകാശ ലംഘനവുമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കടവന്ത്ര കെ.പി. വള്ളോർ റോഡിലെ ശക്തി ലൈനിൽ കുടിവെള്ളം ഉറപ്പാക്കുമെന്നാണ് 2020 ഡിസംബർ നാലിന് ജല അതോറിറ്റി അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ മനുഷ്യാവകാശ കമീഷന് ഉറപ്പു നൽകിയത്.
കേസ് വീണ്ടും പരിഗണിച്ച 2021 ഡിസംബർ 28ന് പരാതിക്ക് പരിഹാരമാകാത്ത സാഹചര്യത്തിലാണ് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ജല അതോറിറ്റിയെ വിമർശിച്ചത്. പരാതിക്കാരൻ താമസിക്കുന്ന ശക്തി ലൈനിൽ ജല വിതരണം ചെയ്യുന്നത് തമ്മനം പമ്പ് ഹൗസിൽ നിന്നാണെന്നും ശക്തി ലൈൻ തമ്മനം പമ്പ് ഹൗസിന്‍റെ ഏറ്റവും അവസാന ഭാഗമാണെന്നും ജല അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു.
ഉപയോഗം കൂടുന്ന സമയങ്ങളിൽ ജലലഭ്യത കുറയും. പെരുമാനൂർ പമ്പ് ഹൗസിൽനിന്നും വരുന്ന പൈപ്പിൽനിന്ന് പുതിയ ലൈൻ സ്ഥാപിച്ച് പരാതി പരിഹരിക്കാമെന്നായിരുന്നു ഉറപ്പ്. റോഡ് മുറിക്കാനും അത് പൂർവസ്ഥിതിയിലാക്കാനും ആവശ്യമായ ഫണ്ട് നഗരസഭയിൽനിന്നും കണ്ടെത്താമെന്ന് ജല അതോറിറ്റി കമീഷനെ അറിയിച്ചിരുന്നു.
എന്നാൽ ഒന്നും സംഭവിച്ചില്ല. പരാതിക്കാരന്‍റെ വീട്ടിൽ എത്രയും വേഗം ജലലഭ്യത ഉറപ്പാക്കണമെന്ന് കമീഷൻ പള്ളിമുക്ക് സബ് ഡിവിഷൻ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.