കോട്ടയം: ഡ്രൈവർ കം കണ്ടക്ടർ ബസ് സർവിസ് ആരംഭിക്കുന്ന കാര്യം കെ.എസ്.ആർ.ടി.സിയുടെ സജീവ പരിഗണനയിൽ. കോർപറേഷൻ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ എണ്ണം കുറക്കാനും അതുവഴി പ്രതിദിന വരുമാനം വർധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.
ജൂൺ 17ന് ചേർന്ന കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് യോഗം ഇതിന് അനുമതി നൽകി. നിലവിൽ 4190 താൽക്കാലികക്കാരടക്കം 15,830 കണ്ടക്ടർമാരും 1470 കാഷ്വൽ ജീവനക്കാരടക്കം 15,149 ഡ്രൈവർമാരും നാലായിരത്തിലധികം വനിത കണ്ടക്ടർമാരും കെ.എസ്.ആർ.ടി.സിക്കുണ്ട്.വരവും ചെലവും പൊരുത്തപ്പെടാത്ത സാഹചര്യത്തിൽ മാസംതോറും ശമ്പളത്തിനും പെൻഷനുമായി കോടികൾ കണ്ടെത്തേണ്ട സ്ഥിതിയിൽ ഘട്ടംഘട്ടമായി ജീവനക്കാരുടെ എണ്ണം കുറക്കുകയും പുതിയ തീരുമാനത്തിനു പിന്നിലുണ്ട്.
കെ.എസ്.ആർ.ടി.സിയെ ലാഭകരമാക്കാൻ പുതിയ നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാർ നിയോഗിച്ച സുശീൽഖന്നയും ഇൗനിർദേശം മുന്നോട്ടുവെച്ചിരുന്നു. ഇപ്പോഴുള്ള ബസ്-ജീവനക്കാരുടെ അനുപാതം ഗണ്യമായി കുറക്കുക എന്നതും പുതിയ തീരുമാനത്തിെൻറ ഭാഗമാണ്. ഇതിനായി കെ.എസ്.ആർ.ടി.സിയുടെ നിലവിലെ ചട്ടങ്ങളിലും നിയമങ്ങളിലും ഭേദഗതി വരുത്തും. പുതിയ നിയമനം നടക്കുേമ്പാൾ ഒരു ബസിന് രണ്ട് ഡ്രൈവർമാരെ നിയമിക്കും. ഒരാൾ വാഹനം ഒാടിക്കുകയും മറ്റൊരാൾ ടിക്കറ്റ് നൽകുകയും ചെയ്യും. നാലു മണിക്കൂർ വീതമാവും ഇവരുടെ ഡ്യൂട്ടി. പുതിയ അപേക്ഷ ക്ഷണിക്കുേമ്പാൾ ഡ്രൈവർമാരുടെ യോഗ്യതയിലും മാറ്റം വരും. മിനിമം യോഗ്യത പ്ലസ് ടു പാസ് ആകും. പുറമെ ലൈറ്റ് വെഹിക്കിൾ ഒാടിച്ച് ഏഴു വർഷത്തെ പരിചയത്തിനുശേഷം ലഭിച്ച ഹെവി ലൈസൻസും നിർബന്ധമാക്കും. ഇതിനായി പുതിയ നോട്ടിഫിക്കേഷൻ ഇറക്കും. ഒപ്പം പി.എസ്.സിക്ക് അപേക്ഷ നൽകാനും കെ.എസ്.ആർ.ടി.സി തീരുമാനിച്ചു. എന്നാൽ, ഇനിയുള്ള മുഴുവൻ നിയമനങ്ങളും ഇത്തരത്തിൽ ആയിരിക്കില്ലെന്നും ആവശ്യത്തിന് കണ്ടക്ടർമാരുടെ നിയമനം സാധാരണ നടപടിക്രമം പാലിച്ച് നടത്തുമെന്നും കെ.എസ്.ആർ.ടി.സി വക്താവ് ‘മാധ്യമ’ത്തോട് പറഞ്ഞു.
നിലവിൽ പി.എസ്.സി റാങ്ക് പട്ടികയിലുള്ള 4000 പേരുടെ നിയമനത്തിനും തടസ്സം ഉണ്ടാകില്ല. അതേസമയം, പുതിയ തീരുമാനം കണ്ടക്ടർ തസ്തികയിൽ പി.എസ്.സി പട്ടികയിലുള്ളതും പുതുതായി നിയമനം ആഗ്രഹിക്കുകയും ചെയ്യുന്ന വനിതകൾക്ക് തിരിച്ചടിയാകും. ഫലത്തിൽ പുതിയ നിയമനം വേണ്ടെന്ന നിലപാടിലാണ് കെ.എസ്.ആർ.ടി.സി. സർവിസ് നടത്തിപ്പിലും യാത്രക്കാരോടുള്ള സമീപനത്തിലും നിരവധി പരാതികളും ലഭിച്ചിരുന്നു. ജൂൺ 17ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗം ഡ്രൈവർ കം കണ്ടക്ടർ നിയമനത്തിന് അനുമതി നൽകിയെങ്കിലും നിലവിലുള്ളതുപോലെ കണ്ടക്ടർമാരുടെ നിയമനം നടത്തണമെന്ന വ്യവസ്ഥകൂടി ഉൾപ്പെടുത്തണമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെൻറിനോട് അടുത്ത ഡയറക്ടർ ബോർഡ് യോഗത്തിൽ ആവശ്യപ്പെടുമെന്ന് കെ.എസ്.ആർ.ടി.സി എംപ്ലോയീസ് അസോസിയേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും ഡയറക്ടറുമായ ടി.കെ. രാജൻ ‘മാധ്യമ’ത്തോട് പറഞ്ഞു. അടുത്ത യോഗത്തിലാവും ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പുതിയ നിയമന നടപടിയുമായി കോർപറേഷൻ മുന്നോട്ടുപോകുമെന്ന് മാനേജിങ് ഡയറക്ടർ എം.ജി രാജമാണിക്യം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.