ഡ്രൈവിങ് ടെസ്റ്റ്: ഒരു ദിവസം 50 പേർക്ക് മാത്രം അനുമതിയെന്ന നിർദേശം പിൻവലിച്ചു

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറച്ച തീരുമാനം മുന്നറിയിപ്പില്ലാതെ നടപ്പാക്കിയതിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ടെസ്റ്റ് നടക്കുന്നയിടങ്ങളിൽ നൂറിലേറെപേർക്ക് ഒരു ദിവസം സ്ലോട്ട് അനുവദിക്കാറുണ്ട്. ഇത് വ്യാഴാഴ്ച മുതൽ 50 ആയി പരിമിതപ്പെടുത്തിയതാണ് പ്രതിഷേധത്തിന് കാരണം. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മന്ത്രി ഗണേഷ് കുമാറിന്‍റെ കോലം കത്തിച്ചു. മിക്ക ജില്ലകളിലും ഡ്രൈവിങ് ടെസ്റ്റിനെത്തിയവരും മോട്ടോർ വാഹന ഉദ്യോഗസ്ഥരും തമ്മിലെ തർക്കം കൈയാങ്കളിയുടെ വക്കോളമെത്തി. പ്രതിഷേധ പ്രകടനങ്ങളും നടന്നു.

പൊലീസ് എത്തിയാണ് കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കിയത്. പരിഷ്കാരം വിവാദമായതോടെ മന്ത്രി ഇടപെടുകയും സ്ലോട്ട് ലഭിച്ച എല്ലാവർക്കും ടെസ്റ്റിന് പങ്കെടുക്കാൻ അവസരം നൽകണമെന്ന് നിർദേശിക്കുകയുമായിരുന്നു. വൈകീട്ട് മൂന്നോടെ സാധാരണ ടെസ്റ്റ് അവസാനിക്കാറുണ്ടെങ്കിലും അഞ്ചുവരെ സമയം നീട്ടി നൽകി. ടെസ്റ്റ് കേന്ദ്രങ്ങളില്‍ 50 പേരെ മാത്രമേ ഒരു ദിവസം അനുവദിക്കാവൂവെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ കഴിഞ്ഞദിവസമാണ് മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയത്. ആര്‍.ടി.ഒ, ജോയന്‍റ് ആര്‍.ടി.ഒമാരുടെയും യോഗത്തിലായിരുന്നു മന്ത്രിയുടെ നിര്‍ദേശം. ഇപ്പോള്‍ കേവലം ആറ് മിനിറ്റാണ് ഒരാള്‍ക്ക് ടെസ്റ്റിനെടുക്കുന്ന സമയം. ഇതുകൊണ്ട് ഒരാളുടെ ഡ്രൈവിങ് ക്ഷമത അളക്കാനാവില്ലെന്നാണ് മന്ത്രി ചൂണ്ടിക്കാട്ടിയത്.

ഒരു കേന്ദ്രത്തില്‍ ദിവസം 100 പേര്‍ക്കെങ്കിലും ടെസ്റ്റ് നടത്താറുണ്ട്. ഇത് അവസാനിപ്പിക്കണമെന്നും വാഹനം ശരിക്കും ഓടിക്കാനാകുമെന്ന് തെളിയിക്കുന്നവർക്ക് മാത്രം ലൈസൻസ് നൽകിയാൽ മതിയെന്നുമായിരുന്നു മന്ത്രിയുടെ നിർദേശം. ഇത് മുന്നറിയിപ്പില്ലാതെ ഉദ്യോഗസ്ഥർ നടപ്പാക്കിയതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്.

അതേസമയം യോഗത്തിൽ താൻ നിർദേശം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്തതെന്നും ഉത്തരവ് ഇറക്കിയിട്ടില്ലെന്നും ഗണേഷ് കുമാർ പ്രതികരിച്ചു.

വ്യാഴാഴ്ചയിലെ സംഭവം ഒത്തുകളിയാണ്. ടെസ്റ്റ് പരിഷ്കാരം അട്ടിമറിക്കാനാണ് ഡ്രൈവിങ് സ്കൂളുകാരും മറ്റ് ചിലരും ചേർന്ന് ശ്രമിക്കുന്നത്. യോഗത്തിലെ നിർദേശം ചോർത്തിനൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. ഇതിനായി സൈബർ സെല്ലിന്‍റെയടക്കം സഹായം തേടുമെന്നും മന്ത്രി പറഞ്ഞു. 

Tags:    
News Summary - Driving test: The proposal to permit only 50 people a day has been withdrawn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.