കരുനാഗപ്പള്ളി (കൊല്ലം): മയക്കുമരുന്നുമായി നാല് യുവാക്കൾ പിടിയിൽ. തൊടിയൂർ വടക്ക് സുഫിയാൻ (21), ക്ലാപ്പന വരവിളമുറിയിൽ തലവരി കുളങ്ങര തൻവീർ (21) കിളികൊല്ലൂർ പ്രിയദർശിനി നഗർ അഭിലാഷ് (27), ചവറ തെക്കുംഭാഗം ഞാറമൂട് ഡോൺ (21) എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.
മാരക ലഹരിമരുന്നുകളായ എം.ഡി.എം.എ, ഹാഷിഷ് ഓയിൽ, ബട്ടൻലഹരി ഗുളികകൾ എന്നിവയുമായിട്ടാണ് ഇവർ പിടിയിലായത്. വിദ്യാലയങ്ങളിലും മറ്റും മയക്കുമരുന്നിന്‍റെ ഉപയോഗം തുടച്ചുനീക്കുകയെന്ന ഉദ്ദേശത്തോടെ നടത്തിയ സ്പെഷൽ ഓപ്പറേഷന്‍റെ ഭാഗമായിട്ടാണ് അറസ്റ്റ്.
ബംഗളൂരുവിലെ മൊത്തകച്ചവടക്കാരിൽനിന്നും ഗൂഗിൾ പേ വഴി പണം നൽകി സ്ത്രീകളെ ഉപയോഗിച്ചാണ് എം.ഡി.എം.എ പോലുള്ളവ കരുനാഗപ്പള്ളി, കൊല്ലം മേഖലകളിലേക്ക് ചില്ലറ വിൽപ്പനക്ക് എത്തിക്കുന്നത്. അറസ്റ്റ് ചെയ്ത നാല് പേരിൽനിന്നും 5.5 ഗ്രാം എം.ഡി.എം.എ, 105 ഗ്രാം ഹാഷിഷ്, ബട്ടൻ എന്ന പേരിൽ അറിയപ്പെടുന്ന ലഹരി ഗുളികകൾ എന്നിവ പൊലീസ് പിടിച്ചെടുത്തു. 'എം' എന്ന കോഡിലാണ് ഇടപാടുകാർക്ക് ഇടയിൽ എം.ഡി.എം.എ അറിയപ്പെടുന്നത്. ഒരു ഗ്രാമിന് 10,000 രൂപയാണ് ചില്ലറ വിൽപ്പനക്കാർ ഈടാക്കുന്നത്.
കരുനാഗപ്പള്ളിയിലെയും കൊല്ലത്തെയും ചില എൻജിനീയറിങ്ങ് വിദ്യാർഥികൾ ഈ മയക്കുമരുന്ന് ഉപയോഗിച്ച് വരുന്നതായി അവരുടെ രക്ഷിതാക്കൾ ജില്ല പൊലീസ് മോധാവി ടി. നാരയാണനെ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹത്തിന്‍റെ നിർദേശ പ്രകാരം കൊല്ലം എ.സി.പി പ്രതീപ് കുമാറിന്‍റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഇൻസ്പെക്ടർ എസ്.എ.എച്ച്.ഒ ജി. ഗോപകുമാർ, എസ്.ഐമാരായ അലോഷ്യസ് അലക്സാണ്ടർ, വിനോദ്, ജയശങ്കർ, സിദ്ദീഖ്, ഓമനകുട്ടൻ, എ.എസ്.ഐമാരായ ഷാജിമോൻ, ശ്രീകുമാർ, നന്ദകുമാർ, സി.പി.ഒമാരായ ശ്രീകാന്ത്, രാജീവ്, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വിവിധ സ്ഥലങ്ങളിൽനിന്നും അറസ്റ്റ് ചെയ്തത്. നാലുപേരെയും കോടതിയിൽ ഹാജരാക്കി.
സ്കൂൾ, കോളജുകൾ തുറക്കാൻ പോകുന്ന അവസരത്തിൽ ഇവിടങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തിവരുന്ന ആൾക്കാരെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.