കണ്ണൂർ: സ്വര്‍ണക്കടത്തും അനുബന്ധ ക്വട്ടേഷൻ ഇടപാടുകളും തൊഴിലില്ലായ്മയുടെ സൃഷ്ടിയും വലതുപക്ഷ സാമ്പത്തിക നയത്തിന്റെ ഉപോൽപന്നങ്ങളുമാണെന്ന് ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ല സമ്മേളനത്തിലെ സംഘടനാ റിപ്പോര്‍ട്ട്. യുവാക്കൾക്ക് തൊഴിലില്ലാതായതോടെ വേഗത്തില്‍ ധനസമ്പാദനം നടത്തുന്നതിന് സ്വര്‍ണകള്ളക്കടത്ത് മുതല്‍ കടത്ത് സംഘത്തിൽനിന്ന് സ്വർണം തട്ടിയെടുക്കുന്ന 'സ്വര്‍ണം പൊട്ടിക്കല്‍' സംഘങ്ങളിൽവരെ യുവാക്കള്‍ ചേക്കേറുന്ന സ്ഥിതിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്ത് കേസിലെ പ്രതികളുമായി കണ്ണൂർ ജില്ലയിലെ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കൾക്കും പ്രവർത്തകർക്കുമുള്ള ബന്ധം പാർട്ടിയിൽ ഏറെ ചർച്ചക്ക് വഴിയൊരുക്കിയിരുന്നു. കള്ളക്കടത്തായി കൊണ്ടുവരുന്ന സ്വർണവും കുഴൽപണവും തട്ടിയെടുക്കുന്നതിന് കേസിലെ പ്രതിയായ അർജുൻ ആയങ്കിക്ക് ഡി.വൈ.എഫ്.ഐയുമായി ബന്ധമുണ്ടായിരുന്നു. ആയങ്കിയും സംഘവും ഉപയോഗിച്ചിരുന്ന കാർ ഡി.വൈ.എഫ്.ഐ ചെമ്പിലോട് മേഖലാ സെക്രട്ടറി സജേഷിന്‍റെ ഉടമസ്ഥതയിലുള്ളതായിരുന്നു. ഇത് ഡി.വൈ.എഫ്.ഐക്കും സി.പി.എമ്മിനും ഏറെ തലവേദന സൃഷ്ടിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് സ്വർണക്കടത്ത് വിഷയം ഡി.വൈ.എഫ്.ഐ സംഘടനാ റിപ്പോർട്ടിൽ ഇടംപിടിച്ചത്.
തൊഴിലില്ലായ്മ വലതുപക്ഷ വ്യതിയാനം മൂലമുള്ള സാമ്പത്തിക നയങ്ങളുടെ ഉപോൽപന്നങ്ങളാണെന്നും ഇതിനെ ചെറുക്കാന്‍ പന്തം കൊളുത്തി പ്രകടനം പോരെന്നും മഹാസമരങ്ങള്‍ വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. വലതുപക്ഷ വ്യതിയാനത്തെ ചെറുക്കാന്‍ നാളുകള്‍ നീളുന്ന കാമ്പയിന്‍ നടത്താന്‍ യൂനിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്. സില്‍വര്‍ലൈന്‍ നടപ്പാക്കുന്ന വിഷയത്തില്‍ സര്‍ക്കാറിനൊപ്പം നില്‍ക്കണം.
പൊതുജനങ്ങളുമായി നിരന്തരം ബന്ധപ്പെട്ട് പദ്ധതിയുടെ ഗുണഫലങ്ങള്‍ ബോധ്യപ്പെടുത്തണം. തുടര്‍ഭരണത്തിലെത്തിയ കമ്യൂണിസ്റ്റ് സര്‍ക്കാറിനെ തകര്‍ക്കാനുള്ള നീക്കമാണ് മഴവില്‍ സഖ്യത്തിലൂടെ സില്‍വര്‍ലൈനിന് എതിരായ സമരം. ഡി.വൈ.എഫ്.ഐക്ക് സ്വതന്ത്ര വ്യക്തിത്വമാണ്. എന്നാല്‍, നിലവിലെ ഇടതുസര്‍ക്കാറിന്റെ ജനകീയ ബദലിനെ അംഗീകരിക്കുന്നുവെന്നും പിന്തുണക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.