തിരുവനന്തപുരം: ഇക്കോ സെൻസിറ്റിവ് സോൺ സംബന്ധിച്ച സുപ്രീംകോടതി വിധിയിൽ റിവ്യൂ പെറ്റീഷന് ഫയല്‍ ചെയ്യാനുള്ള സാധ്യത ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സര്‍ക്കാറിന് ഇക്കാര്യത്തില്‍ കത്ത് അയക്കുകയും ചെയ്തിട്ടുണ്ട്. തുടർന്നുള്ള ബന്ധപ്പെടലും നടക്കുകയാണ്.
ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ച് ജനങ്ങളുടെ ആശങ്ക അകറ്റും. അവർക്ക് സംരക്ഷണം നൽകും. അടിസ്ഥാന നിലപാട് ജനവാസകേന്ദ്രങ്ങൾ ഒഴിവാക്കുക എന്നതു തന്നെയാണ്. ഇക്കാര്യം 2020ൽതന്നെ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ആ നടപടികൾ തുടർന്നുകൊണ്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2011ല്‍ രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്താണ് ഇക്കോ സെന്സിറ്റിവ് സോണ്‍ സംബന്ധിച്ച കേന്ദ്ര വിജ്ഞാപനം പുറപ്പെടുവിച്ചത്. ദേശീയ ഉദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും സമീപത്തുള്ള 10 കിലോമീറ്റര്‍ വരെയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് വിജ്ഞാപനം. ഈ നിയന്ത്രണം പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ 10 കിലോമീറ്ററില്‍ കൂടുതല്‍ ആകാമെന്നും പറയുന്നുണ്ട്.
2013ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ വയനാട്ടില്‍ 88.210 സ്ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്തെ ഇക്കോ സെന്സിറ്റിവ് സോണായി പ്രഖ്യാപിക്കാനുള്ള നിർദേശമാണ് സമര്‍പ്പിച്ചത്. 2020ല്‍ ഇതേ അളവിലുള്ള വനപ്രദേശമാണ് ഇക്കോ സെന്സിറ്റിവ് സോണായി പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാറും ശിപാര്‍ശ ചെയ്തിട്ടുള്ളത്. പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ പരിധി ആകാമെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിർദേശം ജനവാസകേന്ദ്രങ്ങളെ പൂർണമായും സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഓരോ പ്രദേശത്തെയും ജനവാസ പ്രദേശം കണക്കിലെടുത്ത് ഇക്കോ സെന്സിറ്റിവ് സോണ്‍ പരിഗണിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്.
ഈ നിർദേശം സമര്‍പ്പിച്ചില്ലായിരുന്നെങ്കില്‍ 2011ല്‍ വിജ്ഞാപനം ചെയ്ത പ്രകാരം 10 കിലോമീറ്റര്‍ ഇക്കോ സെന്സിറ്റിവ് സോണ്‍ സംസ്ഥാനത്ത് ബാധകമാകുമായിരുന്നു എന്ന കാര്യവും ഓര്‍ക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.