കോട്ടയം: പരിസ്ഥിതിലോല മേഖലയെക്കാൾ കാലാവസ്ഥ വ്യതിയാനമാണ് ഗൗരവമേറിയ വിഷയമെന്നതിനാൽ അതും പരിഗണന വിഷയമാക്കണമെന്നും പരിസ്ഥിതിലോല മേഖലകൾ റിസർവ് വനാതിർത്തിക്കുള്ളിലായി പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകൾ ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ കമ്മിറ്റിക്ക് മുമ്പാകെ പഠന റിപ്പോർട്ട് സമർപ്പിച്ചു.
പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷനും കോഴിക്കോട്ടെ പശ്ചിമഘട്ട ജനസംരക്ഷണ ഫൗണ്ടേഷനും രാഷ്ട്രീയ കിസാൻ മഹാസംഘ് കേരള ഘടകവുമാണ് റിപ്പോർട്ട് തയാറാക്കിയത്. കേരളത്തിൽ പരിസ്ഥിതിലോല മേഖലക്കായി നിർദേശിക്കുന്നതിന് മുമ്പ് വനം വകുപ്പ് ഒരു തരത്തിലുള്ള വസ്തുവിവരപ്പട്ടികയും തയാറാക്കിയിട്ടില്ല. ഇത് സുപ്രീംകോടതി ഉത്തരവിലെ നിർദേശങ്ങൾക്ക് വിരുദ്ധമാണ്. അതിനാൽ കേരളത്തിൽനിന്നുള്ള കരുതൽ മേഖല നിർദേശങ്ങളെല്ലാം നിയമവിരുദ്ധമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ വനങ്ങളുടെ അകത്തും അതിർത്തിക്കുള്ളിലുമുള്ള കൃഷിഭൂമികൾ കേരള സർക്കാർ ലാൻഡ് അസൈൻമെന്റ് ആക്ട് 1960, കേരള സർക്കാർ ലാൻഡ് അസൈൻമെന്റ് റൂൾസ് 1964 എന്നിവയുടെയൊക്കെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ കൃഷിക്കാർക്ക് അനുവദിച്ച് നൽകിയതാണ്.
അതിനാൽ കർഷകരൊക്കെ വനം കൈയേറ്റക്കാരാണെന്ന ആരോപണം പൂർണമായി തെറ്റാണ്. കേരളത്തിലെ റിസർവ് വനങ്ങളായി രേഖപ്പെടുത്തിയ 9438 ചതുരശ്രകിലോമീറ്ററിൽ 25 വന്യജീവി സങ്കേതങ്ങളും ദേശീയ ഉദ്യാനങ്ങളും ചേർന്ന സംയുക്ത പ്രദേശം 3217.73 ച.കി.മീറ്റർ മാത്രമേയുള്ളൂവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതിനാൽ തന്നെ കരുതൽ മേഖല റിസർവ് വനത്തിനുള്ളിൽതന്നെ നിലനിർത്താവുന്നതേയുള്ളൂ. കേരളത്തിലെ 69.4 ശതമാനം ഭൂമി ഇപ്പോൾത്തന്നെ പലതരം നിയന്ത്രണങ്ങൾക്കു കീഴിലാണെന്നും സംഘടനകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.