തൊടുപുഴ: സംരക്ഷിക്കപ്പെടേണ്ട മേഖലയിൽനിന്ന് പശ്ചിമഘട്ടത്തിലെ വനമല്ലാത്ത പ്രദേശങ്ങൾ ഒഴിവാക്കിയതിന് കാരണം ബോധിപ്പിക്കണമെന്ന കേന്ദ്രനിർദേശം സംസ്ഥാന സർക്കാറിന് ഇരുട്ടടിയായി. ഇടുക്കിയിലടക്കം പരിസ്ഥിതിലോല പ്രദേശങ്ങൾ നിർണയിക്കുന്നതിൽ വില്ലേജ് അടിസ്ഥാന യൂനിറ്റായി പരിഗണിക്കരുതെന്ന ആവശ്യത്തോട് പരിസ്ഥിതി മന്ത്രാലയം അനുകൂലമായി പ്രതികരിക്കാതിരുന്നതും തിരിച്ചടിയായി.
കൃഷി, തോട്ടം, ജനവാസകേന്ദ്രങ്ങൾ, ടൗൺഷിപ്പുകൾ തുടങ്ങിയവയെ ഒഴിവാക്കാൻ തീരുമാനമായെന്നും 2017 ഫെബ്രുവരി ഒമ്പതിന് ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് തീരുമാനമെന്നും ഇടുക്കി എം.പി ജോയിസ് ജോർജ് അവകാശപ്പെട്ട് മണിക്കൂറുകൾക്കകമാണ് അത്തരമൊരു തീരുമാനമില്ലെന്ന് സംസ്ഥാന പരിസ്ഥിതി സെക്രട്ടറിമാരുടെ യോഗത്തിൽ കേന്ദ്രമന്ത്രാലയം നിലപാടറിയിച്ചത്.
കസ്തൂരിരംഗൻ റിപ്പോർട്ട് വെട്ടിച്ചുരുക്കി ഉമ്മൻ വി. ഉമ്മെൻറ നേതൃത്വത്തിലെ വിദഗ്ധ സമിതി ജനവാസമേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും സമ്പൂർണമായി പരിസ്ഥിതിലോല മേഖലയിൽ (ഇ.എസ്. എ)നിന്ന് ഒഴിവാക്കി സമർപ്പിച്ച റിപ്പോർട്ടും ഭൂപടവും അടിസ്ഥാനമാക്കി കേന്ദ്രവനം പരിസ്ഥിതി വകുപ്പ് 2014 മാർച്ച് പത്തിന് ഇറക്കിയ കരടുവിജ്ഞാപനം കണക്കിലെടുക്കുന്നില്ലെന്നാണ് കേന്ദ്രം നൽകുന്ന സൂചന. യു.പി.എ സർക്കാർ പുറപ്പെടുവിച്ച 10-03-2014ലെ കരട് ബി.ജെ.പി സർക്കാർ 04-09-2015ലും 27-02-2017ലും പുതുക്കിയിരുന്നു. ഇൗ സമയം സംസ്ഥാനത്തിെൻറ ഭാഗത്തുനിന്ന് ഫലപ്രദ ഇടപെടൽ ഉണ്ടാകാത്തതാകാം പ്രതീക്ഷക്ക് വിരുദ്ധമായി തിരിച്ചടിക്ക് ഇടയാക്കിയത്. പി.എച്ച്. കുര്യൻ ബുധനാഴ്ച ഡൽഹിയിൽ വനം പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറിയ ഘട്ടത്തിലാണ് സംസ്ഥാനത്തിെൻറ വാദം കേന്ദ്രം തള്ളിയത്.
യു.പി.എ സർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനം അംഗീകരിപ്പിക്കപ്പെടുന്നതിലൂടെയേ, ഉമ്മൻ വി. ഉമ്മൻ റിപ്പോർട്ട് പ്രകാരമുള്ള പ്രദേശങ്ങൾ മാത്രം സംരക്ഷിക്കപ്പെടുന്ന സാഹചര്യമുണ്ടാകൂ. ഇതുണ്ടായാൽ സംരക്ഷിത മേഖലയിൽനിന്ന് ജനവാസമേഖലകൾ തീർത്തും ഒഴിവാക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.