ഹൈറിച്ചിന്റെ എച്ച്.ആര്‍ കോയിനും വ്യാജം: തട്ടിയെടുത്ത കോടികൾ ക്രിപ്റ്റോ നിക്ഷേപമാക്കി -ഇ.ഡി

കൊച്ചി: കോടികളുടെ തട്ടിപ്പിന് ‘ഹൈറിച്ച്’ മാനേജിങ് ഡയറക്ടർ പ്രതാപൻ മറയാക്കിയ ‘എച്ച്.ആര്‍ കോയിന്‍’ വ്യാജ ക്രിപ്റ്റോയെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തി. തട്ടിപ്പിലൂടെ സമാഹരിച്ച കോടികൾ പ്രതാപനും കൂട്ടരും മറ്റ് ക്രിപ്റ്റോ നിക്ഷേപങ്ങളാക്കി മാറ്റിയെന്നും കണ്ടെത്തിയിട്ടുണ്ട്.

പ്രതാപന്റെയും കമ്പനിയുടെയും പേരിൽ 11 ക്രിപ്റ്റോ വോലറ്റുകളാണ് ഉള്ളത്. ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ ബിനാൻസിലെ മൂന്ന് അക്കൗണ്ടുകളിൽ ഹൈറിച്ചിന്‍റെ കോടികൾ എത്തിയതായും കണ്ടെത്തിയിട്ടുണ്ട്. റിമാൻഡിലുള്ള പ്രതാപനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്യുന്നതിനാണ് ഇ.ഡി നീക്കം.

മണിചെയിൻ തട്ടിപ്പിന്റെ മാതൃകയിൽ 3141 കോടി രൂപയുടെ നിക്ഷേപമാണ് ഹൈറിച്ച് കമ്പനി സ്വീകരിച്ചത്. കേരള പൊലീസ് രജിസ്റ്റർ ചെയ്ത 15 കേസുകളിൽതന്നെ 1157 കോടി രൂപയുടെ തട്ടിപ്പ് ഇ.ഡി കണ്ടെത്തിയതായി സ്പെഷൽ പ്രോസിക്യൂട്ടർ എം.ജെ. സന്തോഷ് കോടതിയെ അറിയിച്ചു. ഇ‍.ഡി അസി. ഡയറക്ടർ ജി. ശ്രീനിവാസ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. തട്ടിയെടുത്ത പണം ഡിജിറ്റൽ കറൻസിയാക്കിയതിനാൽ ഡിജിറ്റൽ ഫോറൻസിക് കുറ്റാന്വേഷണ വിദഗ്ധരെയും അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തും.

ഹൈറിച്ച് ഓൺലൈൻ ഷോപ്പിയിൽ പണം നിക്ഷേപിച്ചാൽ 10 മടങ്ങുവരെ ലാഭമാണ് വാഗ്ദാനം ചെയ്തിരുന്നതെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇ.ഡി പറയുന്നു. ഹൈറിച്ച് സ്മാർട്ട് ടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പുറത്തിറക്കിയെന്ന് വ്യാജമായി പ്രചരിപ്പിച്ച ഹൈറിച്ച് (എച്ച്.ആർ) ക്രിപ്റ്റോ കറൻസിയിൽ പണം നിക്ഷേപിച്ചാൽ 15 ശതമാനം ഇൻസെന്റിവും 500 ശതമാനം വാർഷിക ലാഭവിഹിതവും വാഗ്ദാനം ചെയ്തിരുന്നു. ഇതിലേക്ക് അംഗങ്ങളെ ചേർക്കുന്നവർക്ക് പുതിയ അംഗങ്ങൾ നിക്ഷേപിക്കുന്ന തുകയുടെ 30 ശതമാനവും കമീഷനും വാഗ്ദാനം ചെയ്തു. ഇതേ രീതിയിൽ വ്യാജമായി തുടങ്ങിയ ഒ.ടി.ടി പ്ലാറ്റ്ഫോമിനുവേണ്ടി നിർമിക്കുന്ന സിനിമകൾക്ക് പണം മുടക്കുന്നവർക്ക് 50 ശതമാനം ലാഭവിഹിതവും വാഗ്ദാനംചെയ്തു. ഒ.ടി.ടി പ്ലാറ്റ്ഫോമിന് 10 ലക്ഷം വരിക്കാരുണ്ടെന്നും വ്യാജമായി കാണിച്ചിരുന്നു.

സാധാരണക്കാരെ നിക്ഷേപത്തട്ടിപ്പിലേക്ക് ആകർഷിക്കാനാണ് ‘ഹൈറിച്ച് പലചരക്ക് ഷോപ്പി’ തുടങ്ങിയത്. ഇതിൽ അംഗങ്ങളാകുന്നവർക്ക് പലചരക്കുസാധനങ്ങൾക്ക് 30 ശതമാനം വിലക്കുറവ് വാഗ്ദാനം ചെയ്തു. 800 രൂപയായിരുന്നു അംഗത്വ ഫീസ്. അംഗങ്ങളെ ചേർക്കുന്നവർക്ക് 12.5 ശതമാനം കമീഷനും ഉണ്ടായിരുന്നു. തട്ടിയെടുത്ത തുക അഞ്ച് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും അന്വേഷണ സംഘം കണ്ടെത്തി.

അക്കൗണ്ടുകളും തുകയും ഇങ്ങനെ: വി. റിയാസ് (18.26 കോടി രൂപ), രാഹുൽ ഗന്ധരാജ് നെർക്കർ (10.06 കോടി), രാജ്കുമാർ മാൻഹർ (7.96 കോടി), കെ.ആർ. ദിനുരാജ് (5.97 കോടി), സുരേഷ്ബാബു (5.35 കോടി). പ്രതാപന്റെ ഭാര്യ കെ.എസ്. ശ്രീനയാണ് കമ്പനിയുടെ സി.ഇ.ഒ ആയിരുന്നത്.

Tags:    
News Summary - ED investigation in Highrich Crypto HR Coin Scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.