കൊച്ചി: ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് ഫെബ്രുവരി 28ന് 74 വയസ്സ്. കേരളമാകെ കമ്യൂണിസ്റ്റ് വേരോട്ടത്തിന് കരുത്തു പകർന്ന ഇടപ്പള്ളി സമരത്തിന് സ്മാരകം ഇപ്പോഴുമില്ല. നിരവധി പ്രാവശ്യം ഇടതുമുന്നണി അധികാരത്തിലെത്തിയെങ്കിലും സ്മാരകം മാത്രമായില്ല. സമരനേതാക്കളുടെ ബന്ധുക്കൾക്കൊപ്പം അന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസുകാരന്റെ മകനും സ്മാരകത്തിനായുള്ള പോരാട്ടത്തിലാണ്. 1950 ഫെബ്രുവരി 28ലെ ആക്രമണത്തിൽ കൊല്ലപ്പെട്ട പൊലീസുകാരൻ ടി.സി. മാത്യുവിന്റെ മകൻ ജോസാണ് സ്മാരകത്തിനായി പോരാടുന്നത്.
റെയിൽവേ സമര പ്രചാരണത്തിനിടെ എൻ.കെ. മാധവൻ, വറുതുകുട്ടി എന്നീ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ പൊലീസ് പിടികൂടിയെന്നും ഒരാളെ മർദിച്ച് കൊന്നെന്നും വാർത്ത പടർന്നതാണ് ഇടപ്പള്ളി സ്റ്റേഷൻ ആക്രമണത്തിലേക്ക് നയിച്ചത്. 1950 ഫെബ്രുവരി 28ന് അർധരാത്രിയാണ് സംഭവം. രണ്ടാമനെയെങ്കിലും രക്ഷിക്കാൻ അന്നത്തെ വിദ്യാർഥി നേതാവ് കെ.സി. മാത്യുവിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ കൈബോംബും വാക്കത്തികളുയായി ഇടപ്പള്ളിയിലെ പൊലീസ് സ്റ്റേഷനിലേക്ക് ഇരമ്പിയെത്തി ആക്രമിക്കുകയായിരുന്നു. പൊലീസുകാരായ ടി.സി. മാത്യുവും വേലായുധനും കൊല്ലപ്പെട്ടു.
17 പേരായിരുന്നു സ്റ്റേഷൻ ആക്രമണത്തിനു പിന്നിലെങ്കിലും 33 പേർ പ്രതികളായി. അറസ്റ്റിലായ കെ.യു. ദാസ്, ജോസഫ് എന്നിവർ പൊലീസ് സ്റ്റേഷനിൽ മർദനത്തിനിരയായി കൊല്ലപ്പെട്ടു. മൃതദേഹം വീട്ടുകാരെപ്പോലും കാണിക്കാതെ അടക്കംചെയ്തു. ശിക്ഷിക്കപ്പെട്ട് തടവിലായ എല്ലാ പ്രതികളും 1957ൽ കേരളത്തിൽ ആദ്യത്തെ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ മോചിതരായി. എന്നാൽ, ഇടപ്പള്ളി സംഭവം പാർട്ടി വിഭാഗീയതയുടെ അനന്തരഫലമായിരുന്നുവെന്ന നിരീക്ഷണമാണ് പിന്നീടുണ്ടായത്. കമ്യൂണിസ്റ്റ് പാർട്ടികൾ രണ്ടായി പിളർന്നപ്പോഴും സ്റ്റേഷൻ ആക്രമണത്തെ തള്ളിപ്പറയുന്ന നിലപാടാണ് തുടർന്നത്.
ആക്രമിക്കപ്പെട്ട പൊലീസ് സ്റ്റേഷൻ ഇന്നും അതേപടിയുണ്ടെങ്കിലും അനാഥാവസ്ഥയിലാണ്. അന്നത്തെ സമരത്തിന്റെ ശേഷിപ്പുകൾ പലതും അതിനകത്തുണ്ടെങ്കിലും സംരക്ഷിക്കപ്പെടാതെ നശിക്കുകയാണ്. ഈ പൊലീസ് സ്റ്റേഷൻ ഇടപ്പള്ളി സമരചരിത്ര സ്മാരകമാക്കി മാറ്റണമെന്നാവശ്യപ്പെട്ട് പൊലീസ് കമീഷണർ മുഖേന ജോസ് മാത്യു ആർക്കിയോളജി വകുപ്പിന് നിവേദനം നൽകി. നിവേദനം മുഖ്യമന്ത്രിയുടെയടക്കം പരിഗണനക്കെത്തിയെങ്കിലും നടപടിയുണ്ടായില്ല.
എങ്കിലും സ്മാരകമെന്നത് യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ് ജോസ് മാത്യു. പറവൂരിലെ കോട്ടക്കാവ് സെന്റ് തോമസ് ചർച്ചിൽ ടി.സി. മാത്യുവിന്റെ ശവക്കല്ലറയിൽ ‘ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ രക്തസാക്ഷി’ എന്നെഴുതിയ ഫലകമുണ്ടായിരുന്നു. എന്നാൽ, പള്ളി നവീകരണത്തിന്റെ സമയത്ത് ഇതെടുത്ത് മാറ്റിയതോടെ അവശേഷിച്ച സ്മാരകവും ഇല്ലാതായി. പുനഃസ്ഥാപിക്കാൻ ബിഷപ്പിനടക്കം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതിലും തുടർനടപടിക്കൊരുങ്ങിയിരിക്കുകയാണ് ജോസ്.
വർഷങ്ങളായി എല്ലാ ഫെബ്രുവരി 28നും പൊലീസ് സ്റ്റേഷൻ ആക്രമണ കേസിലെ ജീവിച്ചിരിക്കുന്ന ഏക സമരസേനാനി എം.എം. ലോറൻസും മറ്റു ചില സമരസേനാനികളുടെ ബന്ധുക്കളും കൃത്യമായി ഈ ദിനം ആചരിച്ചുവരുന്നുണ്ട്. ജോസ് മാത്യുവും ഇവർക്കൊപ്പം മുടങ്ങാതെ എത്തുന്നു; ഇത്തവണയും ഇത്തരമൊരു ആചരണത്തിന് തയാറെടുത്തിരിക്കുകയാണ് ഇവർ. പിതാവ് മരിക്കുമ്പോൾ ഗർഭസ്ഥ ശിശുവായിരുന്നു ജോസ് മാത്യു. സർവിസിലിരിക്കെ മരിച്ചവരുടെ ആശ്രിതർക്ക് ജോലിപദ്ധതി പ്രകാരം ജോലിക്ക് വേണ്ടി പോരാടി 33ാം വയസ്സിൽ പൊതുമരാമത്ത് വകുപ്പിൽ ജോലിക്ക് കയറി. ഇപ്പോൾ സർവിൽനിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.