ബിജു പ്രഭാകറിനെതിരെ പ്രതിഷേധം; പ്രസ്താവന അനുചിതമെന്ന് എളമരം കരീം

തിരുവനന്തപുരം: ജീവനക്കാരുടെ നേതൃത്വത്തിൽ വൻ തട്ടിപ്പാണ് നടക്കുന്നതെന്ന കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകറിൻെറ പ്രസ്താവന അനുചിതമാണെന്ന് എളമരം കരീം എം.പി. തൊഴിലാളികളെ പ്രതിഷേധത്തിലേക്ക് തള്ളിവിട്ട തെറ്റായ നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.

തൊഴിലാളികൾ ആത്മാർത്ഥമായി ജോലി ചെയ്യുന്നവരാണ്. എന്തെങ്കിലും വീഴ്ചകൾ ഉണ്ടാകുന്നുണ്ടെങ്കിൽ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടത് മാനേജ്മെൻറുകളാണ്. ആ ഉത്തരവാദിത്തം നിർവഹിക്കാതെ തൊഴിലാളികളെ അടച്ചാക്ഷേപിക്കുന്നത് ഉത്തരവാദിത്തത്തിൽനിന്ന് ഒഴിഞ്ഞു മാറലാണ്.

ഏത് മാനേജ്മെൻറും തൊഴിലാളികളെയും അവരുടെ സംഘടനകളെയും വിശ്വാസത്തിലെടുത്ത് അവരുടെ സഹകരണത്തോടെ സ്ഥാപനം നടത്താനാണ് ശ്രമിക്കേണ്ടത്. അതിൽനിന്ന് വ്യത്യസ്തമായ നിലപാട് ബിജു പ്രഭാകറിൻെറ ഭാഗത്തുനിന്ന് ഉണ്ടായത് ദൗർഭാഗ്യകരമാണ്. അദ്ദേഹം അത് തിരുത്തുമെന്നാണ് കരുതുന്നത് -എളമരം കരീം പറഞ്ഞു.

ബിജു പ്രഭാകറിനെതിരെ നേരത്തെ ഐ.എൻ.ടി.യു.സി തൊഴിലാളികൾ തിരുവനന്തപുരത്ത് പ്രതിഷേധിച്ചിരുന്നു. ട്രാൻസ്പോർട്ട് ഓഫീസ് ഉപരോധിച്ചായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കുമെന്ന് ഐ.എൻ.ടി.യു.സി അറിയിച്ചു.

2012-2015 കാലയളവിലെ 100 കോടി രൂപ കാണാനില്ലെന്നും ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീനില്‍ ക്രമക്കേട് നടത്തിയും ജീവനക്കാർ പണം തട്ടുകയാണെന്നുമാണ് ബിജു പ്രഭാകർ പറഞ്ഞത്. പലരും മറ്റു ജോലികളും ചെയ്യുന്നുണ്ട്​. 10 ശതമാനം പേർക്ക് കെ.എസ്.ആർ.ടി.സി നന്നാകണമെന്ന് ആഗ്രഹമില്ല. കെ.എസ്.ആർ.ടിസിയെ പരമാവധി നന്നാക്കാൻ ശ്രമിക്കും. അല്ലെങ്കിൽ പുറത്തുപോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.