മട്ടന്നൂര്‍: ട്രെയിൻ കണ്ണൂരിൽ എത്തുന്നതിന് മണിക്കൂറുകൾക്കു മുമ്പാണ് ഭാര്യാസഹോദരന്‍ ആ വിളി വന്നത്. തന്നെ കൂട്ടിക്കൊണ്ടുപോകാൻ റെയിൽവെ സ്റ്റേഷനിൽ എത്തണമെന്നാവശ്യപ്പെട്ടായിരുന്നു നൗഫീഖിന്റെ വിളി. മണിക്കൂറുകൾക്കകം ആ ദുരന്ത വാർത്തയെത്തി.
ഞായറാഴ്ച അക്രമി തീകൊളുത്തിയ കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസിൽ ഡി വൺ കോച്ചിൽ യാത്രക്കാരനായിരുന്നു നൗഫീഖ്. മുസ്തഫ ഹുദവി ആക്കോടിന്റെ ക്ഷണപ്രകാരം ഞായറാഴ്ച ഉച്ചയോടെയാണ് നൗഫീഖ് മലപ്പുറത്തേക്കു പോയത്. അദ്ദേഹം വരുന്നതും പ്രതീക്ഷിച്ച് ബന്ധു ഏറെ സമയം റെയിൽവെ സ്റ്റേഷനിൽ കാത്തിരുന്നെങ്കിലും വിഫലമായി.
പുണ്യമാസത്തിലെ അതിദാരുണമായ മരണം കേട്ട് വിറങ്ങലിച്ചിരിക്കുകയാണ് നാട്. കൊടോളിപ്രം വരുവക്കുണ്ട് കോളനിയിലെ ഫിദ മന്‍സിലിലെ നൗഫീഖ് വിടപറഞ്ഞതോടെ ഭാര്യയും മൂന്നു മക്കളുമടങ്ങുന്ന കുടുംബമാണ് അനാഥമായത്.
ബുഷ്റയാണ് ഭാര്യ. ഫിദ, മുഹമ്മദ്, ഇസ്മായില്‍ എന്നിവര്‍ മക്കൾ.
കണ്ണൂർ: എലത്തൂരിൽ ട്രെയിനിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ അപകടമുണ്ടായ രണ്ട് ബോഗികളിൽ കോഴിക്കോടുനിന്നുള്ള ഫോറൻസിക് സംഘവും കണ്ണൂരിൽനിന്നുള്ള ഫോറൻസിക് സംഘവും പരിശോധന നടത്തി. തിങ്കളാഴ്ച ഉച്ചക്കുശേഷം മൂന്നോടെ ഡി 1, ഡി 2 ബോഗികളിലാണ് പരിശോധന നടത്തിയത്. അന്വേഷണ സംഘവും ഫോറൻസിക് സംഘത്തിനൊപ്പമുണ്ടായിരുന്നു. പെട്രോൾ അടങ്ങുന്ന കുപ്പിയുടെ അവശിഷ്ടം സംഘം കണ്ടെടുത്തു. ഇവ രാസ പരിശോധനക്ക് അയച്ചു.
കോഴിക്കോട് റെയിൽവേ ഇൻസ്പെക്ടർ സുധീർ മനോഹറിന്റെ നേതൃത്വത്തിലാണ് പരിശോധന. ബോഗികളിൽ നിന്നു കിട്ടുന്ന തെളിവുകൾ കേസിൽ നിർണായക രേഖയാവുമോ എന്നാണ് പരിശോധന. ഡി 1 കോച്ചിലാണ് കൂടുതലും പെട്രോൾ ഒഴിച്ച് കത്തിച്ചതിന്റെ പാടുകളുള്ളത്.
ഒന്നുമുതൽ ആറുവരെ സീറ്റിലാണ് തീപടർന്നത്. അതേസമയം, ഡി 2 കോച്ചിൽ രക്തക്കറയുമുണ്ട്. ഇത് ആക്രമിയുടേതാണോ അതോ ആക്രമണത്തിൽ പരിക്കേറ്റവരുടേതാണോ എന്ന് ഫോറൻസിക് പരിശോധനക്ക് ശേഷം മാത്രമേ തിരിച്ചറിയാൻ കഴിയൂ. പരിശോധനക്കായി കോച്ചുകൾ മാറ്റിയിട്ടിരുന്നു. പരിശോധനക്ക് ശേഷം തിങ്കളാഴ്ചതന്നെ ഫോറൻസിക് സംഘം മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.