കോഴിക്കോട്: അങ്കമാലിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന പരിഹാസത്തിന് മറുപടിയുമായി എൽദോസ് കുന്നപ്പള്ളി എം.എൽ.എ. നടൻ മമ്മൂട്ടി ഉദ്ഘാടനം നിർവഹിക്കുന്നതിനിടെ എം.എൽ.എ കുമ്മനടിച്ചെന്നായിരുന്നു പരിഹാസം. കുമ്മനടിച്ചത് ഞാനല്ലെന്ന് എൽദോസ് കുന്നപ്പള്ളി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ചടങ്ങിന്‍റെ വിഡിയോയും എം.എൽ.എ പങ്കുവെച്ചിട്ടുണ്ട്.
#കുമ്മനടിച്ചത്_ഞാനല്ല...
ബഹു. നടൻ മമ്മുട്ടി ആണ്. ഇന്ന് രാവിലെ (11.08.2022) അങ്കമാലി ഓപ്‌ഷൻസ് ടെക്‌സ്‌റ്റൈൽസ് ഉദ്‌ഘാടനത്തിന് എന്നെ ക്ഷണിച്ചിരുന്നു. കെട്ടിടത്തിന്റെ ഉദ്‌ഘാടനകൻ ബഹു. മമ്മുട്ടി ആയിരുന്നു. ഉദ്‌ഘാടന ശേഷം മുകളിലെ ചെറിയ ഷോ റൂം ഉദ്‌ഘാടനം ചെയ്യുകയെന്നുള്ള ഉത്തരവാദിത്തം എനിക്കായിരുന്നു. ഞാൻ ഉദ്‌ഘാടനത്തിനു തയ്യാറായി നിന്നപ്പോൾ അവിടേക്ക് ബഹു. മമ്മുട്ടി കടന്ന് വരികയും ചെയ്തു. ഈ സമയം ഇതിന്റെ ഉദ്‌ഘാടകൻ എം എൽ എ ആണെന്ന് കടയുടമ പറയുകയും ചെയ്തു.
എന്നാൽ ബഹു. മമ്മുട്ടി ഇക്കാര്യം മനസിലാക്കാതെ കത്രിക കയ്യിലെടുത്തു. എം എൽ എയാണ് ഉദ്‌ഘാടകനെന്നു ഉടമ അറിയിച്ചപ്പോൾ അദ്ദേഹം കത്രിക എനിക്കായി നീട്ടി. എന്നാൽ ഞാൻ അദ്ദേഹത്തോട് ഉദ്‌ഘാടനം നിർവഹിച്ചോളൂ എന്ന് പറയുകയും ഞാൻ കൈ ഒന്ന് തൊട്ട് കൊള്ളാമെന്ന് പറയുകയും ചെയ്തു. നാട മുറിച്ച ശേഷം അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥം കത്രിക ഞാൻ വാങ്ങി നൽകുകയാണ് ചെയ്തത്. ഇതാണ് ഇതിലെ യഥാർത്ഥ വസ്തുത. തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വാർത്തകൾ നൽകുന്നത് ശരിയായ നടപടിയല്ല.
ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയം ഉള്ളവർ ടെക്‌സ്‌റ്റൈൽസ് ഉടമയെയോ ബന്ധപ്പെട്ടവരോടോ ചോദിക്കാവുന്നതാണ്. മാത്രമല്ല ആ ഫ്ലോറിന്റെ ഉദ്‌ഘാടകൻ ഞാനാണെന്ന് അറിയാതെയാണ് ബഹു. മമ്മുട്ടി കത്രിക എടുത്തത്. കത്രിക തിരിക വാങ്ങിക്കുന്നത് അദ്ദേഹത്തെ പരിഹസിക്കുന്നതിനു തുല്യമാകുമെന്ന് കരുതിയാണ് ഞാൻ അതിനു മുതിരാതിരുന്നത്. ഇക്കാര്യങ്ങൾ ഒന്ന് മനസിലാക്കിയാൽ കൊള്ളാമെന്നാണ് ഈ ലേഖകനോട് എനിക്ക് സൂചിപ്പിക്കാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.