കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കൈക്കൂലി കേസിൽ കെ. സുരേന്ദ്രനെ സംരക്ഷിക്കാൻ ക്രൈംബ്രാഞ്ച് തലപ്പത്ത് ശ്രമം. എസ്.സി/എസ്.ടി അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ കെ. സുരേന്ദ്രനെതിരെ ചേർത്തില്ല. വകുപ്പുകൾ വെട്ടിക്കുറച്ച് കേസ് ദുർബലമാക്കുന്നുവെന്ന തോന്നൽ വന്നതോടെ സി.പി.എം ഇടപെട്ട് പരാതിക്കാരനായ പാർട്ടി ജില്ല കമ്മിറ്റിയംഗം വി.വി. രമേശനെക്കൊണ്ട് വീണ്ടും പരാതി നൽകിച്ചു.
മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാർഥിയായി പത്രിക നൽകിയ കെ. സുന്ദര പട്ടികജാതി വിഭാഗക്കാരനാണ്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഈ വിഭാഗത്തിൽപെട്ടവരെ കൈക്കൂലി നൽകി പിന്തിരിപ്പിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്.
പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളായ 3(1)(1)(സി) എന്നിവ ചേർത്തിരിക്കണം. ഇപ്പോൾ ചേർത്തിരിക്കുന്നത് 171(ബി) വകുപ്പ് മാത്രമാണ്. സാക്ഷിയായ കെ. സുന്ദര പട്ടികജാതി വിഭാഗത്തിൽപെട്ടയാളാണെന്ന കാര്യം പൊലീസ് മറച്ചുവെച്ചു.
പട്ടികജാതി പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരം പ്രതിചേർത്താൽ അഞ്ചുവർഷംവരെ തടവു ലഭിക്കും. മാത്രമല്ല, കേസ് ഡിവൈ.എസ്.പി തലത്തിൽ അന്വേഷിക്കുകയും ഇപ്പോഴുള്ള സബ്കോടതിയിൽനിന്നും ജില്ല കോടതിയിലേക്ക് മാറ്റുകയും വേണം. വിചാരണ നടത്തേണ്ടത് എസ്.സി–എസ്.ടി സ്പെഷൽ കോടതിയിലുമാണ്. ഇതൊന്നും പൊലീസിന് അറിയാത്തതല്ല. എന്നിട്ടും കേസിൽ പൊലീസ് ഇൻസ്പെക്ടർതല (സി.ഐ) അന്വേഷണമാണ് നടക്കുന്നത്.
സുന്ദരയുടെയും അതുമായി ബന്ധപ്പെട്ടവരുടെയും രഹസ്യമൊഴി കോടതി നേരിട്ട് എടുത്തതോടെ കേസിൽ കൂടുതൽ വകുപ്പ് ചേർക്കേണ്ടതാണ്. അതുചേർക്കാനുള്ള നീക്കവുമില്ല. പൊലീസ് കെ. സുരേന്ദ്രനോട് മൃദുസമീപനം പുലർത്തുന്നുവെന്ന തോന്നലിനെ തുടർന്നാണ് സി.പി.എം ജില്ല കമ്മിറ്റിയംഗം വി.വി. രമേശൻ ജില്ല കോടതിയിൽ വീണ്ടും പരാതി നൽകിയത്. ഇത് സി.പി.എം നേതൃത്വത്തിൽ ആലോചിച്ചു നൽകിയതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.