തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് തോൽവി ഉൾപ്പെടെ കാര്യങ്ങൾ അന്വേഷിച്ച് മൂന്നുപേർ സമർപ്പിച്ച റിപ്പോർട്ടിൽ ബി.ജെ.പി ദേശീയ നേതൃത്വത്തിന് തൃപ്തി പോരാ. അടുത്തിടെ ബി.ജെ.പിയിലെത്തിയ മെേട്രാമാൻ ഇ. ശ്രീധരൻ, മുൻ ഡി.ജി.പി ജേക്കബ് തോമസ്, മുതിർന്ന െഎ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന സി.വി. ആനന്ദബോസ് എന്നിവരെയാണ് അന്വേഷണത്തിന് നിേയാഗിച്ചത്. ഇവർ മൂവരും വെവ്വേറെ റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്തു. ബി.ജെ.പി നേതാക്കൾക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ വിശദമായ മറ്റൊരു റിപ്പോർട്ട് കൂടി നൽകാൻ മൂവരോടും നേതൃത്വം ആവശ്യപ്പെട്ടു.
സംസ്ഥാന ബി.ജെ.പിയിൽ പ്രശ്നങ്ങളുണ്ടെന്നും അധ്യക്ഷനായ കെ. സുരേന്ദ്രനെ മാറ്റിയതുകൊണ്ട് മാത്രം ഇവ പരിഹരിക്കപ്പെടില്ലെന്നുമുള്ള റിപ്പോർട്ടാണ് ജേക്കബ് തോമസും സി.വി. ആനന്ദബോസും നൽകിയതെന്നറിയുന്നു. സംസ്ഥാന ബി.ജെ.പിയിൽ ഗ്രൂപ്പിസമുണ്ട്. എന്നാൽ, ഗ്രൂപ്പിസത്തെക്കാൾ വ്യക്തി താൽപര്യങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. അത് സ്ഥാനാർഥി നിർണയത്തിലുൾപ്പെടെയുണ്ടായതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സംഘടനാ പോരായ്മകൾ പരിഹരിക്കാൻ സമൂല മാറ്റം വേണമെന്ന് ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി. ബൂത്തുതലം മുതൽ അഴിച്ചുപണി ആവശ്യമാണെന്ന ശിപാർശയാണ് ആനന്ദബോസ് സമർപ്പിച്ചത്. പ്രവർത്തകരുടെ താൽപര്യം കൂടി അറിഞ്ഞ് നേതാക്കളെ നിയോഗിക്കണം. ഇപ്പോൾ പരിഹാര നടപടികൾ തുടങ്ങിയാൽ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് ജനങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ സാധിക്കുമെന്നും റിപ്പോർട്ടുകളിൽ നിർദേശമുണ്ട്.
തെരഞ്ഞെടുപ്പിൽ ബി.ജെ.പി നാണംകെട്ട പരാജയം ഏറ്റുവാങ്ങിയ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടി നിർദേശാനുസരണം മൂന്നുപേരെ അന്വേഷിക്കാൻ നിയോഗിച്ചത്. പിന്നീടാണ് സി.കെ. ജാനുവിനും അപരസ്ഥാനാർഥിയെ മാറ്റാനും പണം നൽകിയെന്നതുൾപ്പെടെ ആരോപണങ്ങൾ ഉയർന്നത്. ആ സാഹചര്യത്തിലാണ് വീണ്ടും ഒരു റിപ്പോർട്ട് സമർപ്പിക്കാൻ ഇവരോട് ആവശ്യപ്പെട്ടിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.