കണ്ണൂർ: ഷാഫി പറമ്പിൽ വടകരയിൽ കുറേ കോൺഗ്രസുകാരെ അവിടന്നും ഇവിടന്നുമായി കൂട്ടിക്കൊണ്ടുവന്ന് ജഗപൊകയാക്കിയാൽ ജനങ്ങളാകെ ഇളകിവരുമോയെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കുറേ ആളുകളെയൊക്കെ ലോറിയിൽ കൊണ്ടുവന്നാൽ അതൊക്കെ ജനപിന്തുണയാണോ?. വടകരക്കാർ ഇതൊക്കെ കുറേ കണ്ടതാണ്. രാവിലെ ഒരുത്തൻ വന്നാൽ തെങ്ങിൽമേൽ കയറ്റിക്കളയുമെന്നാണോ?. ആ നാടിന് വേണ്ടി എന്താണ് അവർ ചെയ്തത് എന്നതിന് മറുപടിയുണ്ടോ?. വടകര മണ്ഡലം നല്ല പൊളിറ്റിക്കൽ തിങ്കിങ് ഉള്ള നാടാണെന്നും ബാക്കി തെരഞ്ഞെടുപ്പിൽ കാണാമെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം പാർലമെന്റിൽ പാസാക്കുമ്പോൾ ഒരക്ഷരം പറയാത്തവരാണ് കോൺഗ്രസുകാർ. കണ്ണൂരിൽ മത്സരിക്കുന്നയാൾ എന്താണ് ഇതുസംബന്ധിച്ച് പാർലമെന്റിൽ സംസാരിച്ചത്. സി.എ.എയെ എതിർത്ത് കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്താവന കണ്ടു. ആ വിഷയത്തിൽ ഇദ്ദേഹം നടത്തിയ ഇടപെടലൊക്കെ ജനങ്ങൾക്ക് മുമ്പാകെ ഉന്നയിക്കും. ലോക്സഭയിൽ ആലപ്പുഴയിൽനിന്നുള്ള എൽ.ഡി.എഫ് അംഗം എ.എം. ആരിഫ് മാത്രമാണ് പൗരത്വ നിയമത്തെ എതിർത്ത് സംസാരിച്ചത്. ഞങ്ങൾക്ക് കുറച്ചുകൂടി അംഗങ്ങൾ ലോക്സഭയിൽ ഉണ്ടായിരുന്നുവെങ്കിൽ അത്ര എളുപ്പത്തിൽ സി.എ.എ നിയമമാവില്ലായിരുന്നുവെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.