കൊച്ചി: വാളയാർ പീഡനക്കേസ് പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധിക്കെതിരെ ഹൈകോടതിയിൽ സംസ്ഥാന സർക്കാർ അപ്പീൽ പോയപ്പോൾ ചൂണ്ടിക്കാട്ടിയത് അന്വേഷണത്തിലെ നിർണായകമായ വീഴ്ചകൾ. അന്വേഷണത്തിലും വിചാരണയിലും പിഴവുണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. രക്ഷിതാക്കളും സർക്കാറും നൽകിയ അപ്പീൽ പരിഗണിച്ചാണ് പുനർവിചാരണ വേണമെന്ന് ഹൈകോടതി ഇന്ന് ഉത്തരവിട്ടത്. പുനരന്വേഷണം വേണമെങ്കിൽ വിചാരണകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
വിചാരണക്കോടതി വിധി റദ്ദാക്കി തുടരന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു പെൺകുട്ടികളുടെ രക്ഷിതാക്കളും സർക്കാറും ആവശ്യപ്പെട്ടത്. പ്രതികൾക്കെതിരെ മാതാപിതാക്കൾ നൽകിയ രഹസ്യമൊഴി കോടതി പരിഗണിച്ചില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.
സാക്ഷിമൊഴികളും തെളിവുകളും കൃത്യമായി വിചാരണകോടതിയിൽ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ വീഴ്ചവരുത്തിയതായി സർക്കാർ ചൂണ്ടിക്കാട്ടി. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥർ ശാസ്ത്രീയ അന്വേഷണം നടത്തിയില്ല. ഡി.എൻ.എ സാംപിൾ ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടി.
2017 ജനുവരിയിലും മാർച്ചിലുമായാണ് പാലക്കാട് വാളയാറിൽ 13ഉം ഒമ്പതും വയസുള്ള സഹോദരിമാരെ ദുരൂഹസാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് പെൺകുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ അഞ്ച് പേരാണ് കേസിലെ പ്രതികൾ. വലിയ മധു, കുട്ടി മധു, ഷിബു, പ്രദീപ് എന്നിവരാണ് പ്രധാന പ്രതികൾ. ഇതിൽ പ്രദീപ് കുമാർ കേസ് നടക്കുന്നതിനിടെ ആത്മഹത്യ ചെയ്തിരുന്നു.
വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി 2019 ഒക്ടോബറിലാണ് കീഴ്ക്കോടതി പ്രതികളെ വെറുതെവിട്ടത്. അന്വേഷണത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി സർക്കാർ അപ്പീലിൻമേലുള്ള വാദത്തിൽ സമ്മതിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.