തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ വകുപ്പുതല അന്വേഷണം ഊർജിതം. പ്രാഥമിക റിപ്പോർട്ട് സർക്കാറിലേക്ക് സമർപ്പിക്കുന്നതിെൻറ ഭാഗമായി വനിത ശിശുവികസന ഡയറക്ടർ ടി.വി. അനുപമ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ ഞായറാഴ്ച ഓഫിസിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി. പൂജപ്പുരയിലുള്ള ഡയറക്ടറുടെ ഓഫിസിലെത്തിയ ഷിജുഖാൻ ഇതുസംബന്ധിച്ച രേഖകളെല്ലാം ഡയറക്ടർക്ക് മുന്നിൽ ഹാജരാക്കി. അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിെൻറ ദത്ത് നടപടിക്രമങ്ങളെല്ലാം നിയമപരമായിരുെന്നന്നാണ് ഷിജുഖാൻ ഡയറക്ടർക്ക് നൽകിയ വിശദീകരണം. ഡയറക്ടർ ആവശ്യപ്പെട്ട എല്ലാ വിഷയത്തിലും വിശദീകരണം നൽകിയിട്ടുണ്ടെന്നും ഔദ്യോഗിക കാര്യങ്ങളായതിനാൽ ഒന്നും പറയാനില്ലെന്നും ഷിജുഖാൻ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.
താൻ അറിയാതെ വ്യാജ രേഖകളുണ്ടാക്കി കുഞ്ഞിനെ ദത്ത് നൽകിയെന്നും പൊലീസിലടക്കം പരാതിപ്പെട്ടിട്ടും, അത് വകവെക്കാതെ ദത്ത് നടപടികൾ വേഗത്തിലാക്കിയെന്നുമാണ് ശിശുക്ഷേമ സമിതിക്കെതിരായ അമ്മ അനുപമയുടെ ആരോപണം. ഇതിൽ ഷിജുഖാെൻറ പങ്കിനെക്കുറിച്ചും അനുപമ ആരോപണം ഉന്നയിച്ചിരുന്നു.
അതേസമയം കേസിൽ അറസ്റ്റുണ്ടായേക്കുമെന്ന നിയമോപദേശത്തിെൻറ അടിസ്ഥാനത്തിൽ അനുപമയുടെ പിതാവ് ജയചന്ദ്രൻ, അമ്മ സ്മിത ബന്ധുവും മുൻ കൗൺസിലറുമായ അനിൽകുമാർ, കുഞ്ഞിനെ മാറ്റാൻ ജയചന്ദ്രനെ സഹായിച്ച രമേശൻ അടക്കം ആറ് പ്രതികൾ തിരുവനന്തപുരം ജില്ല കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഹരജി ഈമാസം 28ന് കോടതി പരിഗണിക്കും. കേസിൽ പൊലീസിെൻറ നിലപാടറിയിക്കാൻ കോടതി നിർദേശം നൽകി. കുഞ്ഞിനെ മാറ്റിയെന്ന പരാതിയിൽ ആദ്യം കേസെടുക്കാൻ തയാറാകാതിരുന്ന പൊലീസ് സംഭവം വിവാദമായതോടെയാണ് അന്വേഷണം ആരംഭിച്ചത്.
കുട്ടി ജനിച്ച കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലെ ജനന രജിസ്റ്റർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആശുപത്രിയിൽനിന്ന് കണ്ടെടുത്ത കുഞ്ഞിെൻറ ജനന രജിസ്റ്ററിൽ നിന്നുതന്നെ കുഞ്ഞിനെ മാറ്റാനുള്ള നീക്കത്തിെൻറ തെളിവ് ലഭിച്ചിട്ടുണ്ട്. രജിസ്റ്ററിൽ കുഞ്ഞിെൻറ പിതാവിെൻറ പേര് മണക്കാട് സ്വദേശി ജയകുമാറെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ദത്ത് നടപടികൾ അന്തിമമായി പൂർത്തിയാകാത്തതിനാൽ കുഞ്ഞിെൻറ അമ്മ ജീവിച്ചിരിക്കുന്നുണ്ടെന്ന കാര്യം ഇതിനകം സർക്കാർ അഭിഭാഷകൻ കുടുംബ കോടതിയെ അറിയിച്ചിട്ടുണ്ട്. ദത്ത് നടപടികൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് അനുപമ ഇന്ന് വഞ്ചിയൂർ കോടതിയിൽ അപേക്ഷ നൽകും. ആഗസ്റ്റ് ഏഴിനാണ് അനുപമയുടെ കുഞ്ഞിനെ ആന്ധ്ര സ്വദേശികൾക്ക് താൽക്കാലികമായി ദത്ത് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.