മുന്നാക്ക സംവരണം: സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ പെറ്റിഷൻ കൊടുക്കണം -വെള്ളാപ്പള്ളി

കൊല്ലം: മുന്നാക്ക സംവരണം ശരിവെച്ച സുപ്രീംകോടതി വിധി അങ്ങേയറ്റം ദുഃഖകരമാണെന്നും വിധിക്കെതിരെ റിവ്യൂ പെറ്റിഷൻ കൊടുക്കാവുന്നതാണെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സംവരണം ആകെ 50% കവിയാൻ പാടില്ലെന്നു മണ്ഡൽ കമ്മിഷൻ കേസിൽ സുപ്രീം കോടതിയുടെ ഒൻപതംഗ ബെഞ്ച് ഉത്തരവുണ്ട്. അതിനേക്കാൾ വലുതല്ല അഞ്ചംഗ ബെഞ്ചിന്റെ വിധിയെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

''മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം കൂടി നൽകുമ്പോൾ ആകെ സംവരണം 60 ശതമാനമാകും. സംവരണം ആകെ 50% കവിയാൻ പാടില്ലെന്ന സുപ്രീം കോടതിയുടെ ഒൻപതംഗ ബെഞ്ച് ഉത്തരവിനെതിരാണിത്. അതിനാൽ വിധിക്കെതിരെ റിവ്യൂ പെറ്റിഷൻ കൊടുക്കാവുന്നതാണ്. കേരളത്തിൽ മുന്നാക്ക സമുദായം 15 ശതമാനമാണ്. അവരിൽ 10% പേർക്കു സംവരണം കൊടുക്കാനാണു വിധി. വിധിക്ക് ഒരു ലോജിക് വേണ്ടേ? സംവരണം എല്ലാകാലവും വേണമെന്നല്ല. തുല്യനീതി എല്ലാവർക്കും കിട്ടിക്കഴിയുമ്പോൾ അത് ഇല്ലാതാകണം''– വെള്ളാപ്പള്ളി പറഞ്ഞു.

എസ്.എൻ.ഡി.പി യോഗം കൊല്ലം യൂനിയൻ, എസ്.എൻ ട്രസ്റ്റ്, മെഡിക്കൽ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ നടന്ന ആർ. ശങ്കറിന്റെ അൻപതാം ചരമവാർഷിക ദിനാചരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അതിനി​ടെ, മുന്നാക്ക സംവരണം ശരിവെച്ച സുപ്രീംകോടതി വിധി സാമൂഹിക നീതിക്കെതിരാണെന്നും ഭേദഗതി റദ്ദാക്കണമെന്നും സി.​പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫും ആവശ്യപ്പെട്ടു. സംവരണം എന്നത് ദാരിദ്ര്യ നിർമ്മാർജന പരിപാടിയല്ലെന്നും ഉയർന്ന ജാതിയിലെ ദരിദ്രരെക്കുറിച്ച് കേന്ദ്രസർക്കാരിന് ആശങ്കയുണ്ടെങ്കിൽ അവർക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പാക്കുകയാണ് വേണ്ടതെന്നും എ.​ഐ.വൈ.എഫ് ദേശീയ അധ്യക്ഷൻ സുഖ്ജീന്ദർ മഹേശരിയും ജനറൽ സെക്രട്ടറി തിരുമലൈ രാമനും പറഞ്ഞു. 

Tags:    
News Summary - EWS reservation: review petition should be filed against the Supreme Court verdict -Vellapally Natesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.