എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരെ എക്സാലോജിക് കർണാടക ഹൈകോടതിയിൽ

ബംഗളൂരു: മാസപ്പടി വിവാദത്തിൽ എസ്.എഫ്.ഐ.ഒ അന്വേഷണത്തിനെതിരെ  മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക് കർണാടക ഹൈകോടതിയെ സമീപിച്ചു. അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് കർണാടക ഹൈകോടതി അഭിഭാഷകൻ മനു പ്രഭാകർ കുൽക്കർണി മുഖേന ഹരജി നൽകിയത്. കേന്ദ്രസർക്കാരിനെയും എസ്.എഫ്.ഐ.ഒ ഡയറക്ടറെയും എതിർകക്ഷികളാക്കിയാണ് ഹരജി.കമ്പനിയുടെ ആസ്ഥാനം ബംഗളൂരു ആണ്.

ആരോപണമുയർന്നതിനു ശേഷം ആദ്യമായാണ് എക്സാലോജിക് നിയമവഴിയിലേക്ക് നീങ്ങിയത്. അടുത്താഴ്ച തന്നെ നോട്ടീസ് നൽകി വീണ വിജയനിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കം എസ്.എഫ്.ഐ.ഒ തുടങ്ങിയിരുന്നു. നേരിട്ട് ഹാജരാകാനോ, രേഖകൾ സമർപ്പിക്കാനോ നിർദ്ദേശിച്ച് വീണയ്ക്ക് ഉടൻ നോട്ടീസ് നൽകിയേക്കും. ഇതുമുന്നിൽ കണ്ടാണ് അന്വേഷണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് ഹരജി നൽകിയത്.

മാസപ്പടി കേസിൽ കൊച്ചിയിലെ കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ നിന്നും കെ.എസ്.ഐ.ഡി.സിയിൽ നിന്നും ശേഖരിച്ച വിവരങ്ങളിൽ എസ്.എഫ്.ഐ.ഒ സംഘം പരിശോധന തുടരുകയാണ്. ബുധനാഴ്ച കെ.എസ്.ഐ.ഡി.സിയുടെ കോർപറേറ്റ് ഓഫിസിൽ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. സി.എം.ആർ.എല്ലിൽ രണ്ട് ദിവസം നീണ്ട പരിശോധനയ്ക്ക് ശേഷമാണ് സംഘം കെ.എസ്.ഐ.ഡി.സിയിൽ എത്തിയത്. എസ്.എഫ്.ഐ.ഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് കെ.എസ്.ഐ.ഡി.സിയും നേരത്തെ കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 

ഒരു സേവനവും നൽകാതെ എക്സാലോജിക്കിനു സി.എം.ആർ.എൽ വൻ തുക കൈമാറിയെന്നാണ് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ ഇൻറിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയത്.

Tags:    
News Summary - Exalogic in Karnataka High Court against SFIO probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.